News
കൊറോണ:വിലക്ക് ലംഘിച്ച് കുർബാന നടത്തിയ വൈദികൻ അറസ്റ്റിൽ
തൃശ്ശൂർ : കൊറോണ ജാഗ്രതാ നിർദേശം മറികടന്നു നൂറോളം വിശ്വാസികളെ അണിനിരത്തി കുർബാന നടത്തിയ പുരോഹിതൻ അറസ്റ്റിൽ. ഫാദർ പോളി പടയാട്ടിയാണ് അറസ്റ്റിലായത്. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളിയിലെ വികാരിയാണ് ഫാ. പോളി പടയാട്ടി. വിലക്ക് ലംഘിച്ച് കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
രാജ്യമാകെ കൊറോണ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അവഗണിച്ച് കൂട്ടം കൂടുന്നവരെയും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നവരെയും, കല്യാണം, ഉത്സവങ്ങൾ തുടങ്ങിയ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കും എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.