നിയന്ത്രണം കടുപ്പിയ്ക്കും;സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടച്ചിടും
തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലും അവൈലബിൾ ക്യാബിനറ്റിലുമാണ് തീരുമാനം.
സംസ്ഥാനത്തെ മുഴുവൻ ബാറുകളും ബിയർ പാർലറുകളും പൂർണമായും അടച്ചിടും. ബിവറേജസ് ഔട്ട്ലറ്റുകളിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരും. കടകൾ പൂർണ്ണമായി അടച്ചിടേണ്ടതില്ലെന്ന് തീരുമാനം.
കാസർകോട് ജില്ലയിൽ പൂർണ്ണ ലോക് ഡൗണിനാണ് തീരുമാനം. ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ നടപടി എടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യം വ്യാപാരി വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി തന്നെ സംസാരിക്കും. നിയന്ത്രണങ്ങൾ വൈകീട്ട് സർക്കാർ ഔദ്യോഗികമായി അറിയിക്കും.
കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. അവശ്യ സർവ്വീസുകൾ മുടക്കില്ല. കടകൾ പൂർണ്ണമായും അടക്കില്ല.
കൊവിഡ് ബാധിത ജില്ലകളിൽ പൂർണ്ണ ലോക് ഡൗൺ വേണമെന്നാണ് കേന്ദ്ര സർക്കാര്‍ ആവശ്യപ്പെടുന്നത്. അതേ സമയം ജന ജീവിതം സ്തംഭിപ്പിക്കുന്ന നടപടികളോട് യോജിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന് ഉള്ളത്.