സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇന്ന് അർധരാത്രി മുതൽ;അവശ്യ സർവീസുകൾ ഒഴികെ സംസ്ഥാനത്ത് മറ്റൊന്നും പ്രവർത്തിക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ തിങ്കളാഴ്ച അർധരാത്രി മുതൽ നിലവിൽവരും.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമേ തുറക്കാവൂ.
മരുന്നുകടകൾ അടക്കമുള്ള അവശ്യസർവീസ് ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ കടകളും അടച്ചിടണം. മാർച്ച് 31 വരെ പൊതുഗതാഗതം നിർത്തി. പെട്രോൾ പമ്പുകളെല്ലാം തുറന്നു പ്രവർത്തിക്കും. സ്വകാര്യ വാഹനങ്ങൾ അത്യാവശ്യത്തിന് അനുവദിക്കും. അതേസമയം അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്തെ എല്ലാ ബാങ്കുകളും രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു. ഹോട്ടലുകൾ തുറക്കും, എന്നാൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല, ഹോം ഡെലിവറി അനുവദിക്കും.
കാസർകോട് ജില്ലയിൽ നീരീക്ഷണം കർശനമാക്കും. സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളവർ യാത്ര ചെയ്യുന്നത് കർക്കശമായി തടയും. കാസറഗോഡ് ജില്ലയിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.