Top Stories
ഇന്ന് അർധരാത്രി മുതൽ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ
ന്യൂഡൽഹി : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ നടപ്പാക്കുക. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. ഇന്ന് അർധരാത്രി മുതൽ കർഫ്യൂ നടപ്പാകും. കോവിഡ് 19നെ നേരിടാൻ 15,000 കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഇന്ന് രാത്രി 12 മണി മുതൽ ഒരാളും വീടിന് പുറത്തേക്ക് പോവരുത്. ദേശീയ വ്യാപകമായ കർഫ്യൂ ആണ് രാജ്യത്ത് നടപ്പിലാക്കാൻ പോവുന്നത്.രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരുമാനം നടപ്പാകും. വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാൻ ആളുകൾ തയ്യാറാകാത്തതിനെ തുടർന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവൻ കർഫ്യു നടപ്പാക്കിയതായി അറിയിച്ചത്.
ഈ നിമിഷം നിങ്ങൾ എവിടെയാണോ അവിടെ തന്നെ നിങ്ങൾ തുടരുക.പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബത്തിലുള്ള ഒരാൾ എന്ന നിലയ്ക്കാണ് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു.