ശമ്പളം പിടിയ്ക്കാനുള്ള ഓർഡിനൻസ് നിയമാനുസൃതം:ഹൈക്കോടതി
കൊച്ചി : സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി. ഓർഡിനൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി. ഓർഡിനൻസ് നിമാനുസൃതമല്ലെന്ന് കാണിച്ച് പ്രതിപക്ഷ അദ്ധ്യാപക സംഘടനകളാണ് കോടതിയെ സമീപിച്ചത്.
ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ലക്ഷ്യം വ്യക്തമാണ്. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ അവകാശമുണ്ടന്നും സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഇപ്പോൾ ശമ്പളം പിടിക്കേണ്ടത് അനിവാര്യമാണെന്നന്നും ഇതിനെതിരേ ഉത്തരവുണ്ടായാൽ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. നിയമനിർമാണം നടത്താമെന്ന് ശമ്പളം പിടിക്കുന്നത് സംബന്ധിച്ച ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ തന്നെ പറയുന്നുണ്ടന്നും സർക്കാർ ചൂണ്ടിക്കാട്ടി. ആരുടെയും മൗലികാവകാശം ലംഘിക്കുന്നതല്ല ഓർഡിനൻസെന്നും സർക്കാർ വ്യക്തമാക്കി.