News
സർക്കാർ വിലയിൽ ബാറുകളിൽ മദ്യം നൽകാൻ നീക്കം
തിരുവനന്തപുരം : ബിവറേജ് ഔട്ട്ലെറ്റിലെ വിലയിൽ ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നൽകാൻ നീക്കം. ഇത് നടപ്പാക്കാൻ അബ്‌കാരി ചട്ടത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ബാർ ഉടമകളുടെ സംഘടന സർക്കാരിന് കത്ത് നൽകി. നിലവിലുള്ള നിയമപ്രകാരം ബാറിൽ നിന്നും മദ്യം പാഴ്സലായി നൽകാൻ കഴിയില്ല. ബിവറേജിൽ നിന്നും കിട്ടുന്നതിന്റെ ഇരട്ട വിലയ്ക്കാണ് ബാറുകളിൽ മദ്യം വിൽക്കുന്നതും. ബാർ കൗണ്ടറുകളിലൂടെ ഉള്ള മദ്യവിൽപ്പനയിൽ നിയമപരമായ സാധ്യതകൾ നോക്കിയിട്ട് തീരുമാനമെടുക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു.
ബാർ അടച്ചിടുമ്പോൾ തൊഴിലാളികൾക്ക് ഉണ്ടാകുന്ന തൊഴിൽ നഷ്ടവും, ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ഉണ്ടാകുന്ന തിരക്കും കുറയ്ക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു നടപടി ആവശ്യപ്പെടുന്നതെന്നാണ് ബാർ ഉടമകൾ പറയുന്നത്. അതേസമയം, ഇപ്പോൾ ബാർ കൗണ്ടറുകളിലൂടെ മദ്യവില്പന അനുവദിക്കില്ലെന്ന് എക്സൈസ്
കമ്മീഷണർ വ്യക്തമാക്കി.
അതേസമയം, ബിവറേജസ് ഔട്ട്‌ലെറ്റ്കളിലെ തിരക്ക് നിയന്ത്രിക്കാൻ ബെവ്കോയും, കൺസ്യൂമർഫെഡും പോലീസിന്റെ സഹായം തേടി. ഒരേസമയം അഞ്ച് ആളുകളെ മാത്രമേ ബിവറേജസ് ഔട്ട്ലെറ്റ് കളിലേക്ക് കടത്തിവിടൂ. മദ്യം വാങ്ങാൻ നിൽക്കുന്നവർ കൃത്യമായും ഒരടി അകലം പാലിക്കണം. രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ മാത്രമേ ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കു.