Top Stories

കേരളത്തിൽ ഇന്ന് മുതൽ ലോക്ക്ഡൌൺ

Photo credit @ani

തിരുവനന്തപുരം : കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍. മാര്‍ച്ച്‌ 31 വരെയാണ് ലോക്ക്ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാകും പ്രവര്‍ത്തിക്കുക. ലോക്‌ഡൌൺ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ബാറുകൾ പ്രവർത്തിക്കില്ല. ബിവറേജ് ഷോപ്പുകൾ പ്രവർത്തിക്കുമെങ്കിലും സമയം ക്രമീകരിക്കും. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലുമിരുന്ന് ഭക്ഷണംകഴിക്കുന്നത് തടയും. എന്നാൽ, ഹോം ഡെലിവറി നടത്താം. ആശുപത്രികൾ സാധാരണപോലെ പ്രവർത്തിക്കും. സർക്കാർ ഓഫീസുകൾ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കി നടത്തും. ജലം, വൈദ്യുതി, ടെലികോം, അവശ്യ ഭക്ഷ്യ, ഔഷധവസ്തുക്കളുടെ വിൽപ്പന എന്നിങ്ങനെയുള്ള അവശ്യസേവനങ്ങൾ തടസ്സമില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കളക്ടർമാർ നടപടികൾ സ്വീകരിക്കും.

മൈക്രോഫിനാൻസ്, പ്രൈവറ്റ് കമ്പനികൾ പൊതുജനങ്ങളിൽനിന്ന് പണം പിരിക്കുന്നത് രണ്ടുമാസത്തേക്ക് നിർത്തണം. ബാങ്കുകൾ രണ്ടുമണിവരെ പ്രവർത്തിക്കും. സഹകരണസംഘങ്ങളുടെ പ്രവർത്തനത്തിൽ സമയനിയന്ത്രണം.   പൊതു​ഗതാ​ഗതം ഉണ്ടാകില്ല. മതിയായ കാരണമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അവശ്യസാധനങ്ങൾ വാങ്ങുന്നതിന് ജനങ്ങൾക്ക് പുറത്തിറങ്ങാം. ഒന്നിച്ചിറങ്ങാനാവില്ല. ഇറങ്ങുന്നവർ ശാരീരിക അകലം നിർബന്ധമായും പാലിക്കണം.

സ്ഥിതി​ഗതികള്‍ ​ഗുരുതരമായ കാസര്‍കോ‌ട് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവിടെ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. കാസര്‍കോട് അവശ്യസാധനങ്ങളുടെ കടകള്‍ 11 മണി മുതല്‍ അഞ്ച് മണിവരെയാവും പ്രവര്‍ത്തിക്കുക. നിര്‍ദേശം ലംഘിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button