Top Stories

സംസ്ഥാനത്ത് 14 പേര്‍ക്കു കൂടി കൊറോണ;മൊത്തം 105 ആയി

തിരുവനന്തപുരം : സംസ്ഥാനത്ത് 14 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത് . ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി.

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 72460 പേരാണ്‌. 71994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രിയില്‍ലും നിരീക്ഷണത്തിലുണ്ട്‌. ഇന്നു മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 4516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 3331 പേർക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ ദുബായില്‍നിന്നും ഒരാള്‍ ഖത്തറില്‍നിന്നുമാണ് വന്നത്. യു.കെയില്‍നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുമായുള്ള സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം വന്നത്.

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യദിവസമാണ്. ഇങ്ങനെയൊരു അവസ്ഥ നമ്മുടെ നാട്ടിൽ ഇതാ​ദ്യമായാണെന്നിരിക്കെ അതിന്‍റെ ഗൗരവം ഉൾക്കൊണ്ട് പെരുമാറാൻ എല്ലാവരും തയ്യാറാകണെമന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പുറത്തിറങ്ങുന്ന എല്ലാവരിൽ നിന്നും വിശദമായ സത്യവാങ്മൂലം പൊലീസിന് നൽകണമെന്നും, സത്യവാങ്മൂലത്തിൽ പറയുന്നതല്ല പുറത്തിറങ്ങാനുള്ള കാരണമെന്ന് പൊലീസിന് ബോധ്യപ്പെട്ടാൽ കര്‍ശന നടപടിയാണ് കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓട്ടോ, ടാക്സി എന്നിവ അ‌ടിയന്തരസാഹചര്യത്തിൽ മാത്രമേ പോകാവൂ. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ മുതിർന്ന ഒരാൾ മാത്രമേ വരാൻ പാടുള്ളു. എന്തു തരം ഒത്തുചേരലായാലും അഞ്ചിലധികം പേർ പൊതുസ്ഥലത്ത് ഒന്നിച്ചു കൂടാൻ പാടില്ല. സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർ എന്തിനാണ് യാത്ര എപ്പോൾ തിരിച്ചെത്തും ഏതു വാഹനം എന്നെല്ലാം വ്യക്തമാക്കുന്ന സത്യവാങ്മൂലം തയ്യാറാക്കണം. യാത്ര പോകുന്നവർ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ അതു പൂരിപ്പിക്കണം.

വ്യാപാരികൾ സാധനങ്ങളു‍ടെ വില കൂട്ടുകയോ സാധനങ്ങൾ പൂഴ്ത്തി വയ്ക്കുകയോ ചെയ്താൽ കർശന നടപടിയുണ്ടാവും. ഈ ഒരു പ്രവണത ചില കോണുകളില്ലെങ്കിലും ആരംഭിച്ചതായി ശ്ര​ദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ആളുകൾക്കെതിരെ കർശന നടപടിയുണ്ടാവും. സാധനങ്ങൾ വാങ്ങാൻ കടയിൽ വരുന്നവർ എത്രയും പെട്ടെന്ന് സാധനം വാങ്ങി മടങ്ങിപ്പോകണം. കടയിൽ  ആളുകളുമായി നിശ്ചിത അകലം പാലിക്കണം.

അവശ്യസ‍ർവ്വീസുകൾക്കായി പുറത്തിറങ്ങുന്നവർക്ക് പ്രത്യേക പാസ് നൽകും. മാധ്യമപ്രവർത്തകരും സർക്കാർ ഉദ്യോ​ഗസ്ഥരും അവരവരുടെ കാർഡുകൾ തന്നെ ഉപയോ​ഗിച്ചാൽ മതി. കടകളിലും മറ്റു ജോലി ചെയ്യുന്നവർ പാസ് ഉപയോ​ഗപ്പെടുത്താം.

ഐസൊലേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അതാത് സ്ഥലങ്ങളിലെ എം എൽ എ മാർ നേതൃത്വം നൽകണം.  പഞ്ചായത്ത് അധ്യക്ഷൻമാർ എംഎൽഎമാരെ ബന്ധപ്പെട്ട് വാർഡുകളിലെ ദൈനംദിന കാര്യങ്ങൾ വിലയിരുത്തണം. പ്രാദേശികമായി കടകളിൽ ഭക്ഷ്യധാന്യങ്ങളുണ്ടോ എന്ന കാര്യം കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്ന് കാസറഗോട്ടെ  എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഐസൊലേഷനിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്ന കാര്യത്തിലും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൗൺസിംലി​ഗ് ഏർപ്പെടുത്തുന്ന കാര്യത്തിലും എംഎൽഎമാർ നേതൃത്വം നൽകണം. ഇതോടൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരൻമാരുടെ സുരക്ഷ ഉറപ്പു വരുത്തുകയും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും വേണം. പ്രാദേശികതലത്തിൽ  ഐസൊലേഷൻ സെന്ററുകൾ ക്രമീകരിക്കാൻ പറ്റിയ ഇടങ്ങൾ എംഎൽഎമാർ കണ്ടുപിടിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button