Top Stories
ലോകത്ത് കോവിഡ് മരണം18,993 ആയി
കോവിഡ് 19 മരണം ലോകത്ത് 18,993 ആയി. 424,049 പേർക്ക് ലോകത്ത് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. ഇറ്റലിയിലും, സ്പെയിനിലും, ഇറാനിലും, ഫ്രാൻസിലും രോഗവ്യാപനവും മരണനിരക്കും ദിനപ്രതി കൂടിവരുകയാണ്. അമേരിക്കയിൽ സ്ഥിതി ആശങ്കാജനകമാണ്.
ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 743 പേരാണ് മരിച്ചത്. ആകെ മരണം 6820 ആയി. 5249 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം 69,176 പേർക്കാണ് ഇറ്റലിയിൽ കൊറോണ സ്ഥിതീകരിച്ചിട്ടുള്ളത്. ഇതിൽ 8,326 പേർക്ക് രോഗം ഭേദമായി.
സ്‌പെയിനിൽ 24 മണിക്കൂറിനുള്ളിൽ 680 പേരാണ് മരിച്ചത്. ആകെമരണം 2,991 ആയി. 6,292 പേർക്കാണ് പുതിയതായി കൊറോണ സ്ഥിതീകരിച്ചത്. ആകെ രോഗികൾ 42,058 ആയി. ഇതിൽ 3,794 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.
സ്‌പെയിനിൽ പ്രായമായ രോഗികളെ അഗതിമന്ദിരങ്ങൾ ഉപേക്ഷിക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് വൃദ്ധ രോഗികളെ രക്ഷിക്കുന്ന ദൗത്യം സൈന്യത്തെ ഏൽപ്പിച്ചു.
അമേരിക്കയിൽ രോഗികളുടെ എണ്ണം 54,323 ആയി. 24 മണിക്കൂറിനുള്ളിൽ 9,001 പേർക്ക് രോഗം സ്ഥിരീകരിച്ചു. 772 മരണങ്ങളാണ് അമേരിക്കയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 35 പേർക്ക് മാത്രമാണ് അമേരിക്കയിൽ രോഗ മുക്തി നേടാനായത്.
ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമാണ് അമേരിക്ക. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി മാറിയേക്കുമെന്ന് ലോകാരോഗ്യ സംഘടന അമേരിയ്ക്കയ്ക്ക് മുന്നറിയിപ്പ് നൽകി.