News
ലോക്ക്ഡൗൺ ലംഘനം: തിരുവനന്തപുരത്ത് 160 പേർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം : ലോക്ക്ഡൗൺ ലംഘിച്ച് യാത്ര നടത്തിയതിനും അനധികൃതമായി കടകൾ തുറന്ന് പ്രവർത്തിച്ചതിനും 160 പേർക്കെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിന്റെ വിവിധഭാഗങ്ങളിലായി കടകൾ തുറന്നു പ്രവർത്തിപ്പിച്ച 16 കട ഉടമകൾക്കെതിരെയും കേസെടുത്തു. അത്യാവശ്യകാര്യത്തിന് അല്ലാതെ നിരത്തിൽ ഇറങ്ങിയതിനും, ഒന്നിൽ കൂടുതൽ യാത്രക്കാരെ കയറ്റിയതിനും അതുവഴി ആരോഗ്യസുരക്ഷയ്ക്ക് ഭംഗം വരുത്തിയതിനും ആട്ടോ, ടാക്സി, കാർ തുടങ്ങിയ വാഹനങ്ങൾ ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ വിലക്ക് മറികടന്ന് യാത്രചെയ്തത് ആട്ടോറിക്ഷകളാണ്. ആട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ തിരുവനന്തപുരം സിറ്റിയിൽ പല സ്റ്റേഷനുകളിലായി 90 കേസുകൾ രജിസ്റ്റർ ചെയ്തു. പേട്ട സ്റ്റേഷനിൽ 13 ആട്ടോറിക്ഷകൾ പിടിച്ചെടുത്തു. ബൈക്കിൽ യാത്ര ചെയ്ത 46 പേർക്കെതിരെയും കാറിൽ യാത്രചെയ്ത 22 പേർക്കെതിരെയും 2 ലോറി ഡ്രൈവർമാർക്കെതിരെയും നടപടി എടുത്തു. വിലക്ക് ലംഘിക്കുന്നവർക്കെതിരെ വരുംദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.