റേഷൻ കാർഡ് ഇല്ലാത്തവർക്കും ഭക്ഷ്യധാന്യം വിതരണം ചെയ്യും:മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റേഷൻ കാർഡ് ഇല്ലാത്തവർക്കും ഭക്ഷ്യധാന്യം വിതരണം ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആധാർ നമ്പർ പരിശോധിച്ചതിനുശേഷമാവും ഇത്തരക്കാർക്ക് റേഷൻ ധാന്യങ്ങളുടെ വിതരണം ഉറപ്പ് വരുത്തുക.
ലോക്ക് ഡൗൺ സാഹചര്യത്തിൽ ആർക്കും ഭക്ഷണം ഇല്ലാത്ത സ്ഥിതിയുണ്ടാകരുത് എന്നതിന്റെ അടിസ്ഥാനത്തിൽ രൂപംനൽകിയ കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി 43 തദ്ദേശ സ്ഥാപനങ്ങളിൽ ആരംഭിച്ചു എന്ന് മുഖ്യമന്ത്രി അറിയിച്ചു. 941 പഞ്ചായത്തിൽ 861 പഞ്ചായത്തുകളും സ്ഥലം സജ്ജമാക്കി കഴിഞ്ഞു. 87 മുനിസ്സിപാലിറ്റികളിൽ 87 ഉം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആറു കോർപറേഷനുകളിൽ 9 ഇടങ്ങളിലായി കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടെനിന്ന് വരും ദിവസങ്ങളിൽ ഇവിടെ ഭക്ഷണം വിതരണം ആരംഭിക്കും. ഇതിനുള്ള പ്രാദേശിക വളണ്ടിയർമാകെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ഇക്കാര്യങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.