അമൃതാനന്ദമയി മഠത്തില്‍ സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് വിദേശികളെ താമസിപ്പിച്ചിരിക്കുന്നുവെന്ന് ആരോപണം
കൊല്ലം : കൊറോണ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് അനധികൃതമായി അമൃതാനന്ദമയി മഠത്തില്‍ വിദേശികളെ താമസിപ്പിച്ചിരിക്കുന്നുവെന്നും മഠത്തിലുള്ള അന്തേവാസികളുടെ വിവരം മഠം അധികൃതർ നൽകുന്നില്ലെന്നും ആരോപണം. ആലപ്പാട് പഞ്ചായത്ത് പ്രതിനിധികളാണ് ഇത് സംബന്ധിച്ച് ആരോപണമുന്നയിക്കുന്നത്.
നിലവില്‍ കൊവിഡ് സംശയത്തെത്തുടര്‍ന്ന് അന്തേവാസികളെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളേജിന്റെ ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമതാനന്ദമയി മഠം അധികൃതര്‍ ആരോഗ്യ വകുപ്പില്‍നിന്നും മറച്ചുവെക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്.
അതേസമയം ആരോപണങ്ങളെ മഠം തള്ളിക്കളഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചു കൊണ്ടാണ് മഠത്തിലെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും കോറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം അനുസരിച്ച് മഠത്തിലെ സന്ദർശനം ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും നിർത്തിവെച്ചിരിക്കുകയാണെന്നും മഠം പ്രതികരിച്ചു. വിദേശികളെയും സ്വദേശികളെയും ഉൾപ്പെടെയുള്ളവരെ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മഠത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലന്നും മഠം അറിയിച്ചു.