Top Stories
ലോകത്ത് കൊറോണ ബാധിതർ 474,967;ഇന്ത്യയിൽ 606
കോവിഡ് 19 ബാധിതർ ഇന്ത്യയിൽ 606ആയി. ഇന്നലെ മാത്രം ഇന്ത്യയിൽ 101 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം 12 ആവുകയും ചെയ്തു. രാജ്യത്തെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യ്തത് മഹാരാഷ്ട്രയിലാണ്. തൊട്ടു പിന്നിൽ കേരളവുമുണ്ട്. രാജ്യത്ത് 43 പേർ രോഗമുക്തരായിട്ടുണ്ട്.
കേരളത്തിൽ ഒമ്പത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത്
കൊറോണ ബാധിതരുടെ എണ്ണം 112 ആയി. സംസ്ഥാനത്ത് 76542 പേരാണ് നിരീക്ഷണത്തിലുള്ളത്. 76010 വീടുകളിലും 532 പേർ ആശുപത്രികളിലുമാണുള്ളത്. പുതുതായി 122 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ12 പേർ രോഗവിമുക്തരായിട്ടുണ്ട്.
ലോകത്ത് 183 രാജ്യങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണം 474,967 ആയി. 21,400 പേർ കൊറോണ ബാധയാൽ ഇതുവരെ മരിച്ചു. 24 മണിക്കൂറിൽ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്. 7503 പേരാണ് ഇറ്റലിയിൽ മരിച്ചത്. 24 മണിക്കൂറിൽ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്. ഇറ്റലിയിൽ ആകെ രോഗബാധിതർ 74,386 ആയി.
കോവിഡ് ഏറ്റവുമധികം ജീവനപഹരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിക്ക് പിന്നാലെ സ്പെയിനും ചൈനയെ മറികടന്നു. 24 മണിക്കൂറിനിടെ 738 പേര്‍കൂടി മരിച്ചതോടെ സ്പെയിനില്‍ മരണസംഖ്യ 3647 ആയി. 49,515 പേർക്കാണ് സ്പെയിനിൽ കൊറോണ സ്ഥിതീകരിച്ചിട്ടുള്ളത്.
രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയ്ക്കും ഇറ്റലിക്കും തൊട്ടുപിന്നിലുള്ള അമേരിക്കയിൽ കോവിഡ് മരണം 1,012 ആയി. 68,207 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിതീകരിച്ചിട്ടുള്ളത്.
24മണിക്കൂറിനുള്ളിൽ പുതുതായി 10,000 കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്.
ഇറാനിൽ 2,077 പേരും, ഫ്രാൻസിൽ 1331 പേരും കൊറോണ ബാധയാൽ മരണപ്പെട്ടു. ലോകം യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങുന്നതോടെ രാജ്യങ്ങളെല്ലാം നിയന്ത്രണങ്ങൾ കർശനമാക്കി. ലോകത്തെ 300 കോടി ജനങ്ങൾ ഇപ്പോൾ ലോക്ക്ഡൗണിലാണ്.
ചൈനയുടെ സ്ഥിതി ഏതാണ്ട് നിയന്ത്രണവിധേയമായി. ആകെ 81,6661 കേസുകൾ സ്ഥിരീകരിച്ചതിൽ 70000 പേരുടെയും രോഗം ഭേദമായി. 3285 ആണ് ചൈനയിലെ മരണ സംഖ്യ. ചൈനയിൽ സാമൂഹിക വ്യാപനം നിലവിൽ ഇല്ല. പുതുതായി സ്ഥിരീകരിച്ച കേസുകളെല്ലാം മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നവരുടേതാണ്.