News
നിരീക്ഷണത്തിൽ ഇരിക്കാതെ കറങ്ങിനടന്നു;പാലക്കാട് കൊറോണ രോഗിയ്ക്കെതിരെ കേസെടുത്തു
പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് കാരാക്കുറുശ്ശിയിൽ കൊറോണ രോഗിയ്ക്കെതിരെ കേസെടുത്തു. ഹോം ക്വാറന്റൈൻ നിർദ്ദേശങ്ങൾ മറികടന്ന് നരീക്ഷണത്തിൽ കഴിയാതെ നാടുമുഴുവൻ സഞ്ചരിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ദുബായിൽ നിന്ന് മാർച്ച് 13ന് നാട്ടിലെത്തിയ ഇയാൾ നിരീക്ഷണത്തിൽ ആയത് മാർച്ച് 21നാണ്. അത് വരെ നാട്ടിലും ബന്ധു വീടുകളിലും അയൽ ജില്ലയായ മലപ്പുറത്ത് വരെ ഇയാൾ കറങ്ങി നടന്നിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ഇയാൾ രണ്ട് ജുമാനമസ്കാരത്തിൽ പങ്കെടുക്കുകയും രണ്ട് ആശുപത്രികളിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ഏഴ് അംഗങ്ങളുള്ള വലിയ കുടുംബമാണ് ഇദ്ദേഹത്തിന്റെത്. ഇയാളുടെ മകൻ കെഎസ്ആർടിസി കണ്ടക്ടറാണ്. ഇയാൾ പാലക്കാട് തിരുവനന്തപുരം ഉൾപ്പെടെയുള്ള റൂട്ടിൽ ഈ കാലയളവിൽ ജോലിചെയ്തിരുന്നു. ഇയാളും നിരീക്ഷണത്തിലാണ്. ഇവരുടെ കുടുംബത്തിലുള്ളവരും നിരീക്ഷണത്തിലാണ്.ഇവരുടെ സാമ്പിളുകളും പരിശോധനക്കയയ്ക്കും.