Top Stories
കൊറോണ ഫലം ഇനി ഒരു മണിക്കൂറിനകം;മലയാളി ഗവേഷകന്റെ സാങ്കേതികവിദ്യ
കോഴിക്കോട് : അതിവേഗം കുറഞ്ഞ ചിലവിൽ കൊറോണ പരിശോധന ഫലം അറിയാൻ മലയാളി ഗവേഷകൻ വികസിപ്പിച്ചെടുത്ത പരിശോധന സംവിധാനം തയ്യാറായി. ഗോവ ആസ്ഥാനമായുള്ള മോൾബയോ ഡയഗനോസ്റ്റിക്‌സാണ് റിയൽ ടൈംപോയന്റ്ഓഫ് കെയർ പി.സി.ആർ. കോവിഡ്-19 പരിശോധനാ ചിപ്പ് പുറത്തിറക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കൊറോണ പരിശോധന നടത്താൻ കമ്പനിക്ക് ഐ.സി.എം.ആർ. യുടെ അന്തിമ അനുമതി അടുത്ത ആഴ്ചയോടെ ലഭിച്ചേക്കും.
ബാറ്ററിയിൽ പ്രവർത്തിപ്പിക്കുന്ന ട്രൂനാറ്റ് എന്ന ചെറിയ ഉപകരണം കൊണ്ടാണ് റിയൽടൈം
പോയന്റ് ഓഫ് കെയർ പി.സി.ആർ. ടെസ്റ്റ് എന്ന ഈ സംവിധാനം പ്രവർത്തിക്കുന്നത്. ചെറിയ ഒരു ചിപ്പിനുള്ളിലാണ് ഇതിന്റെ പരിശോധന സംവിധാനങ്ങൾ ക്രമീകരിക്കുന്നത്. 1500 രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന പരിശോധനയുടെ ഫലം ഒരുമണിക്കൂറിനകം ലഭിക്കുകയും ചെയ്യും. നിർവീര്യമാക്കിയാണ് രോഗിയുടെ സാംപിൾ ശേഖരിക്കുന്നത് എന്നതിനാൽ ആരോഗ്യപ്രവർത്തകർക്ക് രോഗംപകരുമെന്ന ആശങ്കയും ഒഴിവാക്കാം.
ബെംഗളൂരു ആസ്ഥാനമായ ബിഗ്‌ടെക് ലാബ്‌സ് സ്ഥാപകൻ ഒറ്റപ്പാലം സ്വദേശി ഡോ. ചന്ദ്രശേഖരൻ ഭാസ്‌കരൻനായരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ചെറിയ സ്യൂട്ട്‌കേസിൽ ഒതുങ്ങുന്നതാണ് ഉപകരണം. ഓരോ രോഗത്തിനും പ്രത്യേകം ചിപ്പാണ് ഉപകരണത്തിൽ ഉപയോഗിക്കുക.
ചെറിയ ആശുപത്രികളിൽപ്പോലും ഉപയോഗിക്കാൻ കഴിയുമെന്നതും കൂടുതൽപ്പേരെ പരിശോധനയ്ക്കു വിധേയമാക്കാമെന്നതും ഈ പരിശോധനയുടെ സവിശേഷതയാണ്. കേന്ദ്രസർക്കാരിന്റെ ദേശീയക്ഷയരോഗ നിയന്ത്രണപദ്ധതിയിൽ രോഗനിർണയത്തിനായി ട്രൂനാറ്റ് ടെസ്റ്റ് ഉപയോഗിക്കുണ്ട്. ലോകാരോഗ്യ സംഘടനയും ട്രൂനാറ്റിന് അംഗീകാരം നൽകിയിട്ടുണ്ട്.