Top Stories
കൊറോണ പ്രതിരോധത്തിൽ കൊല്ലം ജില്ലയിൽ അനാസ്ഥ
കൊല്ലം : കൊറോണ പ്രതിരോധത്തിൽ കൊല്ലം ജില്ലയിൽ അനാസ്ഥ. ജില്ലയിലെ ആദ്യത്തെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള പരിഭ്രാന്തിയും റൂട്ട് മാപ്പ് തയ്യാറാക്കലും ജില്ലാ അധികൃതർ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു. കൊല്ലത്തെ രോഗി സന്ദർശനം നടത്തിയ സ്വകാര്യ ക്ലിനിക് ഉൾപ്പെടെയുള്ളവ അടക്കേണ്ടി വരില്ലായിരുന്നു.
കൊറോണ കേരളത്തിൽ ഗുരുതരമായ നിൽക്കുന്ന മാർച്ച് 18നാണ് കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ചയാൾ വിദേശത്തുനിന്നും മടങ്ങിയെത്തുന്നത്. തുടർന്ന് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തുള്ള ടീ ഷോപ്പിൽ നിന്നും ചായകുടിച്ച് രണ്ട് ഓട്ടോയിലും ഒരു ബസ്സിലും ബസ്റ്റാൻഡിലും കയറിയിയാണ് ഇദ്ദേഹം വീട്ടിലെത്തുന്നത്.
വിദേശത്തുനിന്നും വന്നിറങ്ങുന്ന ആളുകളെ സർക്കാർ നിയന്ത്രണത്തിലുള്ള പ്രത്യേക വാഹനത്തിൽ വീട്ടിൽ എത്തിച്ചിരുന്നു എങ്കിൽ 2 ഓട്ടോയിലും ഒരു ബസ്സിലും ബസ് സ്റ്റാൻഡിലും ടീ ഷോപ്പിലും കയറിയിറങ്ങേണ്ട സാഹചര്യം ഇദ്ദേഹത്തിന് ഉണ്ടാകില്ലായിരുന്നു. ബസ്സിൽ കൂടെ സഞ്ചരിച്ച ആളുകളെയും ഓട്ടോക്കാരെയും ടീ ഷോപ്പിലെ ആളുകളെയും തപ്പി നടക്കേണ്ടി വരില്ലായിരുന്നു.
തുടർന്ന് വീട്ടിലെത്തിയ അദ്ദേഹം 18 മുതൽ 26 വരെ ശാരീരിക അസ്വസ്ഥതകളും ആയി 5 തവണ സർക്കാർ സ്വകാര്യ ആശുപത്രികൾ സന്ദർശിച്ചു. ഇതിൽ രണ്ടു തവണ ശാരീരിക അസ്വസ്ഥത കൂടിയതിനെ തുടർന്നു പ്രൈമറി ഹെൽത്ത് സെന്ററും സന്ദർശിച്ചു. എന്നിട്ടും, 26ന് ഒരു സ്വകാര്യ ആശുപത്രിയിൽനിന്നും അറിയിച്ചപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് എടുക്കുന്നതും തുടർന്ന് 26നാണ് ആരോഗ്യപ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തുന്നതും വീടിന്റെ പരിസരത്ത് ബോധവൽക്കരണം നടത്തുന്നതും. 27 ന് ഇദ്ദേഹത്തിന്റെ ടെസ്റ്റ് പോസിറ്റീവ് ആവുകയും ചെയ്തു.
മാർച്ച് 18 ന് നാട്ടിലെത്തിയ ആളെ അന്നുതന്നെ സർക്കാർ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന് നഗരത്തിലൂടെ ഓട്ടോയിലും ബസിലിലും ബൈക്കിലും സഞ്ചരിച്ച് ആശുപത്രികളിലും സ്വകാര്യ ലാബുകളിലും കയറിയിറങ്ങേണ്ടി വരില്ലായിരുന്നു. മാർച്ച് 18 ന് തന്നെ ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ പിറ്റേന്ന് തന്നെ പോസിറ്റീവ് ആകുമായിരുന്നു. എങ്കിൽ സമ്പർക്കത്തിൽ ഉള്ളവരെ തപ്പി നടക്കാതെ രോഗിയെ കൃത്യമായി നിരീക്ഷണത്തിൽ വയ്ക്കാമായിരുന്നു. ഒരുപക്ഷേ രോഗിയിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് പടർന്നു പിടിച്ചാൽ ആ സാഹചര്യം പൂർണമായും ഒഴിവാക്കാമായിരുന്നു.
ഇനി, ജില്ലയിൽ എത്തിയശേഷം കൃത്യമായി ഇദ്ദേഹത്തെ ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹത്തിന്റെ സാമ്പിൾ നാട്ടിലെത്തിയ ദിവസമോ അതിന്റെ പിറ്റേ ദിവസമോ ജില്ലാ അധികൃതർ പരിശോധനയ്ക്കയച്ചിരുന്നെങ്കിൽ ഈ പരിഭ്രാന്തി ഒഴിവാക്കാമായിരുന്നു. 18ന് നാട്ടിൽ എത്തിയ അദ്ദേഹത്തിന്റെ വീട്ടിൽ 26ന് മാത്രമാണ് ജില്ലയിലെ ആരോഗ്യപ്രവർത്തകർ എത്തുന്നത്. രണ്ടുതവണ ആരോഗ്യ പ്രശ്നങ്ങളുമായി പ്രൈമറി ഹെൽത്ത് സെന്ററിൽ ഇദ്ദേഹം സന്ദർശിച്ചപ്പോൾ പോലും ഇദ്ദേഹത്തെ നിരീക്ഷിക്കാനോ, ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയക്കാനോ പി എച്ച് എസ് അധികൃതരും ശ്രദ്ധിച്ചില്ല.പിന്നീട് ഒരു സ്വകാര്യ ആശുപത്രി
അധികൃതർ നൽകിയ വിവര പ്രകാരമാണ് ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധന നടത്തുന്നത്.
സ്വന്തം ജീവൻ പണയം വെച്ച് ഉറക്കമിളച്ച് പ്രവർത്തിക്കുന്നവരാണ്
കേരളത്തിലെ ആരോഗ്യപ്രവർത്തകർ. നിപ്പയെ തുരത്തിയ നമ്മൾ കോറോണയെയും തുരത്തിയിരിക്കും. വിദേശ ബന്ധമില്ലാത്ത ഒരാൾക്ക് കൊറോണ രോഗം വന്നാൽ അയാളുടെ റൂട്ട് മാപ്പ് ഇറക്കി സമ്പർക്കത്തിൽ ഉള്ള ആളുകളെ കണ്ടുപിടിക്കുന്നതിൽ കാര്യമുണ്ട്. എന്നാൽ കേരളത്തിൽ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നു സമയത്ത് വിദേശത്തുനിന്നും എത്തി ആരോഗ്യ വകുപ്പുമായി കൃത്യമായി ബന്ധപ്പെട്ട ഒരാളുടെ റൂട്ട് മാപ്പ് തയ്യാറാക്കി അയാളുമായി സമ്പർക്കം പുലർത്തിയ ആളുകളെ കണ്ടുപിടിയ്ക്കുന്നത് അനാസ്ഥയുടെ ഫലമാണ്. ചെറിയ ഒരു ജാഗ്രത കുറവ് പോലും വലിയ അപകടങ്ങൾ ഉണ്ടാക്കുന്നു എന്ന് നമ്മൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുകയാണ്.