News
മദ്യം കിട്ടിയില്ല; മദ്ധ്യവയസ്കൻ തൂങ്ങിമരിച്ചു
എറണാകുളം : മദ്യം ലഭിക്കാത്തത് കൊണ്ട് മദ്ധ്യവയസ്കൻ തൂങ്ങിമരിച്ചു. എറണാകുളം പള്ളിക്കര പെരിങ്ങാല ചായിക്കാര മുരളിയാണ് (45) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. തെങ്ങുകയറ്റ തൊഴിലാളിയാണ്. ബെവ്കോ ഷോപ്പുകൾ അടച്ചതിനു തൊട്ടടുത്ത ദിവസം മുതൽ ഇയാൾ പണിക്ക് പോയിരുന്നില്ല.
ഇന്നലെ രാവിലെ പെരിങ്ങാലയിൽ നിന്ന് നടന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള കരിമുഗളിലെ ബാറുകൾക്കു മുന്നിലും അവിടെ നിന്നും മൂന്ന് കിലോമീറ്റർ നടന്ന് പുത്തൻകുരിശ് ബെവ്കോ ഷോപ്പിനു മുന്നിലെത്തിയും മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നു. ഉച്ചകഴിഞ്ഞ് തിരിച്ചെത്തി അരിഷ്ടങ്ങൾ വിൽക്കുന്ന ആയുർവേദ കടകളിലെത്തി അരിഷ്ടം ചോദിച്ചെങ്കിലും കൊടുക്കാൻ ആരും തയ്യാറായില്ല. വൈകിട്ട് 5.30 ആയിട്ടും ഇയാളെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.
ഇയാളുടെ മദ്യപാനവും അക്രമവും കാരണം ഭാര്യ നിർമലയും മകൻ അലോഷിയും വീട്ടിൽ നിന്ന് ഒരു വർഷമായി മാറി താമസിക്കുകയാണ്. ഇതോടെ ഒറ്റയ്ക്കായിരുന്നു താമസം.അമ്പലമേട് പൊലീസ് മേൽനടപടി സ്വീകരിച്ചു.