Top Stories
സംസ്ഥാനത്ത് 20 പേർക്ക് കൂടി കൊറോണ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽനിന്ന് 8 പേർക്കും കാസർകോട് ജില്ലയിൽനിന്ന് 7 പേർക്കും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് രോഗം സ്ഥിരികരിച്ചത്.
ഇതിൽ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനെട്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിതീകരിച്ചയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ 202 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാലുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 6690 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.