Top Stories
ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്
ഇടുക്കി : തൊടുപുഴയിൽ കോവിഡ് 19 സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന്റെ രണ്ടാമത്തെ സ്രവപരിശോധനാഫലം നെഗറ്റീവ്. ഇദ്ദേഹത്തെ 26-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ശേഖരിച്ച സ്രവത്തിന്റെ പരിശോധനാഫലമാണ് ഞായറാഴ്ച പുറത്തുവന്നത്. 26-ന് വന്ന പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശേഖരിച്ച സ്രവം പരിശോധനയ്ക്കയച്ചു. ഇതാണ് നെഗറ്റീവായത്.തിങ്കളാഴ്ച ലഭിയ്ക്കുന്ന അടുത്ത ഫലം കൂടി നെഗറ്റീവായാൽ ഇദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാം. തുടർന്ന് അടുത്ത 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.
അതേസമയം ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ സുഹൃത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചു. പൊതുപ്രവർത്തകനുമായി ഇടപഴകിയ ആയിരത്തിലേറെ ആളുകളാണ് നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരിൽ കൂടുതൽ പേരുടെ പരിശോധനഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും.