Top Stories
ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിയ്ക്കുന്നു;കൊറോണയ്ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടം:പ്രധാനമന്ത്രി
ന്യൂഡൽഹി : കൊറോണയ്ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതമായി. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണം. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ എല്ലാവരോടും ക്ഷമ ചോദിയ്ക്കുന്നുവെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പറഞ്ഞു.
‘സമ്പൂർണ്ണ അടച്ചിടൽ അല്ലാതെ മറ്റൊരു മാർഗവും ഈ മഹാവ്യാധിക്കെതിരെ സ്വീകരിക്കാനില്ല. നിയന്ത്രണങ്ങൾ കുറച്ചു ദിവസങ്ങൾക്കൂടി പാലിക്കാൻ ഇന്ത്യൻ ജനത തയ്യാറാകണം. ചിലർ ലോക്ക് ഡൗണിനെ ഗൗരവമായി കാണുന്നില്ല. നിയന്ത്രണങ്ങൾ പാലിക്കാത്തത് ഗൗരവകരമാണ്. മനുഷ്യവർഗം ഒന്നിച്ചുനിന്ന് നടത്തേണ്ട പോരാട്ടമാണിത്.
21 ദിവസത്തെ ലോക്ക് ഡൗൺ മൂലമുള്ള ബുദ്ധിമുട്ടിൽ പാവപ്പെട്ട ജനങ്ങൾക്ക് എന്നോട് ദേഷ്യമുണ്ടാകമെന്ന് എനിക്കറിയാം. എന്നാൽ ഇത്തരമൊരു തീരുമാനമെടുക്കുകയല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല. നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഞാൻ ക്ഷമചോദിക്കുന്നു.
ലോകം മുഴുവൻ കോവിഡിനെതിരെ പോരാടുകയാണ്. ഇത് ഒരു ജീവൻ മരണ പോരാട്ടമാണ്. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നത് പോരാട്ടത്തെ പിന്നോട്ടടിയ്ക്കും. കുറച്ചു ദിവസം കൂടി ഈ ലക്ഷ്മണരേഖ കടക്കരുത്. ഈ രോഗം നമ്മെ നമ്മെ ഇല്ലാതാക്കുന്നതിനു മുൻപ് നാം അതിനെ പ്രതിരോധിച്ച് തോൽപ്പിക്കണം. ലോകത്തെ മുഴുവൻ തടവിലാക്കിയിരിക്കുകയാണ് ഈ വൈറസ്. വൃദ്ധരെയും യുവാക്കളെയും ശക്തരെയും ദുർബലരെയും ഒരേപോലെ അത് ബാധിച്ചു. മനുഷ്യകുലം മുഴുവൻ ഒരുമിച്ചുനിന്ന് ഈ പ്രതിസന്ധിയെ നേരിടണം’, പ്രധാനമന്ത്രി പറഞ്ഞു.