പ്രതിഷേധത്തിന് ശമനം;അന്യസംസ്ഥാനക്കാർ ക്യാമ്പുകളിലേക്ക് മടങ്ങി
കോട്ടയം : ചങ്ങനാശ്ശേരിയിൽ നാട്ടിലേക്ക് മടങ്ങിപ്പോ കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ അന്യസംസ്ഥാന തൊഴിലാളികൾ ക്യാമ്പുകളിലേക്ക് പോയി. പ്രതിഷേധം താൽക്കാലികമായി അവസാനിച്ചു. എങ്കിലും നാട്ടിലേക്ക് പോകാൻ വാഹന സൗകര്യം ഒരുക്കണമെന്ന് ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ആയിരക്കണക്കിന് വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് അന്യസംസ്ഥാനക്കാർ ക്യാമ്പിലേക്ക് മടങ്ങിപ്പോകാൻ സന്നദ്ധരായത്. പക്ഷേ അവർക്ക് നാട്ടിലേക്ക് പോകണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. തങ്ങൾക്ക് പാകംചെയ്ത ഭക്ഷണം വേണ്ട എന്നും ഭക്ഷണസാധനങ്ങൾ തന്നാൽ മതി എന്നും ആവശ്യം ഉന്നയിച്ചു. നാട്ടിലേക്ക് പോകണം എന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ആവശ്യം ഒരിക്കലും നടപ്പാക്കാൻ കഴിയില്ല എന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അടിയന്തിരമായി തങ്ങൾക്ക് നാട്ടിലേക്ക് പോകണം എന്നാവശ്യപ്പെട്ടാണ് രാവിലെ 11 മണിയോടുകൂടി ചങ്ങനാശ്ശേരി പായിപ്പാട് പലസ്ഥലങ്ങളിലായി ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ പായിപ്പാട് ജംഗ്ഷനിലേക്ക് ഒത്തുകൂടി പ്രതിഷേധം ആരംഭിച്ചത്. തങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണവസ്തുക്കളും കുടിവെള്ളവും കിട്ടുന്നില്ലെന്നും ഇത് പരിഹരിക്കാനുള്ള നടപടികൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും തൊഴിലാളികൾ ആരോപിച്ചിരുന്നു.