Top Stories
അതിഥി തൊഴിലാളികളുടെ പ്രതിഷേധം ഒരാൾ അറസ്റ്റിൽ
കോട്ടയം : ചങ്ങനാശ്ശേരി പായിപ്പാട് ഇന്നലെ ഉണ്ടായ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിൽ ഒരാൾ അറസ്റ്റിൽ. ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചു ആണ് അറസ്റ്റിലായത്. ഇയാളും ഒരു അതിഥി തൊഴിലാളി ആണ്. ഇയാളാണ് പല സ്ഥലങ്ങളിൽ നിന്നും ആൾക്കാരെ സംഘടിപ്പിച്ച് പ്രതിഷേധം ആസൂത്രണം ചെയ്തത്.
അതിഥി തൊഴിലാളികൾ പ്രതിഷേധ സ്ഥലത്തേക്ക് എത്തണം എന്ന് ഫോണിലൂടെ ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ ഫോൺ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇതിന് പിന്നിൽ മറ്റ് ഗൂഡാലോചനകൾ നടത്തിയിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ.
അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി തന്നെ ക്യാമ്പുകളിൽ പോലീസ് പരിശോധന നടത്തുകയും നിരവധിപേരെ ചോദ്യം ചെയ്യുകയും ചെയ്തു.
എറണാകുളം റെയ്ഞ്ച് ഐജി കാളിരാജ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത് .
മൂന്ന് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ സംഘമായി തിരിഞ്ഞ് ഇവരുടെ ക്യാമ്പുകളിൽ പോലീസ് എത്തി പരിശോധന നടത്തിയിരുന്നു. 20 മൊബൈൽ ഫോണുകൾ ഇവരുടെ ക്യാമ്പുകളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതിലേക്ക് വന്ന ഫോൺകോളുകളും വാട്സ് ആപ്പ് സന്ദേശങ്ങളും പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ തുടർന്നാണ് ആദ്യത്തെ അറസ്റ്റ് ഉണ്ടായത്.