News
ഡോക്ടറുടെ കുറിപ്പടിയിൽ ഇന്ന് മുതൽ മദ്യം ലഭ്യമാകും
തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വാങ്ങാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അമിത മദ്യാസക്തി കാരണമുള്ള രോഗ ലക്ഷണമുള്ളവർ സർക്കാർ ഡോക്ടറുടെ കുറിപ്പടി എക്സൈസ് ഓഫീസിൽ ഹാജരാക്കണം. എക്സൈസ് ഓഫീസിൽനിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. ഒരാൾക്ക് ഒന്നിൽ അധികം പാസുകൾ ലഭിക്കില്ല.
നിശ്ചിത അളവിലാകും മദ്യം നൽകുക. മദ്യം ലഭിക്കാത്തതു മൂലം അസ്വസ്ഥതകൾ ഉണ്ടാവുകയാണെങ്കിൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചെല്ലുകയും അവിടെനിന്ന് കുറിപ്പടി വാങ്ങി എക്സൈസ് ഓഫീസിൽ ഹാജരാക്കുകയും വേണം.
ഇ.എസ്.ഐ. അടക്കമുളള പി.എച്ച്.സി/ എഫ്.എച്ച്.സി, ബ്ലോക്ക് പി.എച്ച്.സി/ സി.എച്ച്.സി, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ തുടങ്ങിയ സർക്കാർ ആശുപത്രികളിലെ ഡോക്ടറന്മാരിൽ നിന്നുമാണ് അമിത മദ്യാസക്തി മൂലമുള്ള വിത്ത്‌ഡ്രാവൽ സിൻഡ്രോം ഉള്ള ആളാണെന്നു കുറിപ്പടി വാങ്ങേണ്ടത്.
തുടർന്ന് ഡോക്ടർ പരിശോധിച്ചു നൽകുന്ന രേഖ, രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന മറ്റൊരാളോ സമീപത്തുളള എക്സൈസ് റേഞ്ച് ഓഫീസ് സർക്കിൾ ഓഫീസിൽ ഹാജരാക്കണം. തുടർന്ന് തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ എക്സൈസ് ഓഫീസിൽ നിന്നും മദ്യം ലഭ്യമാക്കാനുള്ള പാസ്സ് അനുവദിയ്ക്കും. പാസിന്റെ അടിസ്ഥാനത്തിൽ ബിവറേജസ് അധികൃതർ മദ്യം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കും. ഒരാൾക്ക് ഒരു പാസ്സ് മാത്രമേ അനുവദിയ്ക്കുള്ളൂ.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് ഈ മാർഗം മാത്രമേ ഉള്ളൂവെന്നാണ് സർക്കാരിന്റെ നിലപാട്. തിങ്കളാഴ്ചയും മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നികുതി-എക്സൈസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
എന്നാൽ ഐഎംഎ യും കെജിഎംഓഎ യും സർക്കാരിന്റെ ഈ നടപടികളോട് സഹകരിയ്ക്കില്ലന്ന നിലപാടിലാണ്. മദ്യം ലഭ്യമാക്കാനുള്ള കുറിപ്പടി നൽകുന്നത് തങ്ങളുടെ എത്തിക്സിന് വിരുദ്ധമാണെന്നാണ് അവരുടെ വാദം. മദ്യപന്മാരെ ചികിൽസിക്കുകയാണ് വേണ്ടതെന്നും അവർക്ക് മദ്യം കിട്ടാണ് കുറിപ്പടി നൽകില്ലെന്നും കെജിഎംഓഎ വ്യക്തമാക്കി.