ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വീട്ടിലെത്തും;ഒരാഴ്ച ലഭിക്കുക മൂന്ന് ലിറ്റര്‍ മദ്യം
തിരുവനന്തപുരം : മദ്യാസക്തിയുണ്ടെന്നു ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്കിയാല് സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം എക്സൈസ് പാസ് ലഭിക്കുന്നവരുടെ വീട്ടില്‍ ബിവറേജസ് കോര്പറേഷന് ഉദ്യോഗസ്ഥര്‍ മദ്യം എത്തിച്ചു നല്‍കും. മൂന്നുഘട്ടങ്ങളിലായുള്ള നടപടിക്രമങ്ങളുടെ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളായി.
വിത്ത്ഡ്രോവല്‍ ലക്ഷണങ്ങള്‍ ഉള്ള രോഗിയാണെന്ന സർക്കാർ ഡോക്ടറുടെ കുറിപ്പടി ഉണ്ടങ്കിൽ മാത്രമേ മദ്യം വീട്ടിലെത്തൂ. കുറിപ്പടിയില്‍ ഒപ്പും സീലും നിര്‍ബന്ധമാണ്. ഈ കുറിപ്പടിയുമായി എക്സൈസ് റേഞ്ച് ഓഫീസിലോ സര്‍ക്കിള്‍ ഓഫീസിലോ എത്തി പെര്‍മിറ്റ് വാങ്ങണം. തുടര്‍ന്ന് ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് എക്സൈസ് വകുപ്പ് ബിവറേജസ് കോര്‍പറേഷനു കൈമാറും. പകര്‍പ്പിലുള്ള രോഗിയുടെ ഫോണ്‍ നമ്പരിലേക്ക് ബിവറേജസ് കോര്പറേഷന് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട് മദ്യം നല്‍കും.
ഉത്തരവ് നാളെ ഇറങ്ങുമെന്നാണ് സൂചന. ഒരു രോഗിക്ക് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യമാണ് നല്‍കുക. ഒരു ദിവസം ആറ് പെഗ്ഗ് എന്ന കണക്കിലാണ് വിതരണം. ഒരിക്കല്‍ മദ്യം വാങ്ങിയാല്‍ ഏഴു ദിവസത്തിനു ശേഷം മാത്രമേ പിന്നീട് മദ്യം ലഭിക്കുകയുള്ളു. അതേസമയം, എറണാകുളത്ത് എട്ടു പേരും തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മൂന്നു പേരും കുറിപ്പടിയുമായി എക്സൈസ് ഓഫീസിലെത്തി. തൃശൂരില്‍ രണ്ടു പേരും വയനാട്, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോ ആളുകളും അപേക്ഷ സമര്‍പ്പിക്കാനെത്തിയിരുന്നു.
ഇവരില്‍ വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും പ്രൈവറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും കുറിപ്പടിയുമായി വന്നവരുടെ അപേക്ഷ തള്ളി. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ഡോക്ടര്‍മാര്‍ സഹകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധ സൂചകമായി കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.