Top Stories
പത്തനംതിട്ടയിൽ നിരോധനാജ്ഞ ഏപ്രിൽ 14 വരെ നീട്ടി
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 14ന് അർധരാത്രി വരെ നീട്ടി ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവിട്ടു. കോവിഡ് വ്യാപനം ഇന്ത്യയിൽ കൂടുതലുള്ള 10 സ്ഥലങ്ങളിൽ ഒന്നായി പത്തനംതിട്ടയെ അടയാളപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ നീട്ടാൻ തീരുമാനമായത്.
ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരമാണ് നിരോധനാജ്ഞ നീട്ടിയത്.ജനങ്ങൾ കൂട്ടം ചേരുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയുമാണ് ഉത്തരവ്. നേരത്തേ മാർച്ച് 31 അർധരാത്രി വരെയായിരുന്നു നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നത്. കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസ് ഉൾപ്പടെയുളള പൊതുഗതാഗത സംവിധാനങ്ങൾ ഈ കാലയളവിൽ നിർത്തിവയ്ക്കണം. എന്നാൽ, അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും എമർജൻസി മെഡിക്കൽ സഹായത്തിനും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം. വാഹനത്തിൽ ഡ്രൈവറെ കൂടാതെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് കൂടി മാത്രമേ യാത്ര ചെയ്യാനാകൂ.
മെഡിക്കൽ ആവശ്യങ്ങൾക്കും അവശ്യസാധനങ്ങളുടെ ട്രാൻസ്പോർട്ടേഷനും മാത്രമായേ ഓട്ടോറിക്ഷകളും ടാക്സികളും ഉപയോഗിക്കാൻ പാടുള്ളു. പെട്രോൾ പമ്പിന്റെ പ്രവർത്തനം, എൽ.പി.ജി.യുടെ വിതരണം, വൈദ്യുതി, ടെലികോം സേവനം എന്നിവ തടസപ്പെടുത്താൻ പാടില്ല.
പലചരക്ക്, പച്ചക്കറി, പാൽ, മൽസ്യം, മാംസം, തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവർത്തിക്കാൻ പാടുളളു. മറ്റ് സ്ഥാപനങ്ങളൊന്നും തന്നെ ഈ കാലയളവിൽ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. മെഡിക്കൽ ഷോപ്പുകൾ സമയപരിധി ബാധകമല്ലാതെ പ്രവർത്തിക്കണം. ഹോട്ടലുകളിൽ നിന്നും ഹോം ഡെലിവറി മാത്രമായി ഭക്ഷണം നൽകാം. ഒരു കാരണവശാലും ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാൻ പാടില്ല.
ആരാധനാലയങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതും ആചാര അനുഷ്ഠാനത്തിന്റെ ഭാഗവുമായ ചടങ്ങുകൾ മാത്രം നടത്താം. യാതൊരു കാരണവശാലും അഞ്ചിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ആരാധനകളോ, ഉൽസവങ്ങളോ മറ്റു ചടങ്ങുകളോ നടത്താൻ പാടില്ല.
സംസ്ഥാന സർക്കാരിന്റെ മാർച്ച് 20-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 21 ദിവസത്തെ ലോക്ക് ഡൗൺ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുളള വകുപ്പുകൾ പ്രവർത്തനത്തിന് ഭംഗം വരാത്ത രീതിയിൽ നിയന്ത്രിതമായി ജീവനക്കാരെ നിലനിർത്തി പ്രവർത്തിപ്പിക്കണം. ജില്ലയിലെ ആശുപത്രികളുടെ പ്രവർത്തനം യാതൊരു കാരണവശാലും തടസപ്പെടാൻ പാടില്ല.ജനങ്ങൾ അനാവശ്യമായി വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല. അത്യാവശ്യമായി പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ മറ്റൊരു വ്യക്തിയിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കണം. ഉൽസവങ്ങൾ, പൊതുചടങ്ങുകൾ, ആഘോഷപരിപാടികൾ എന്നിവ ഒരു കാരണവശാലും അനുവദിക്കില്ല. സി.ആർ.പി.സി. 144-ൽ നിഷ്കർഷിച്ചിട്ടുളളതിൻ പ്രകാരം ഒരു സ്ഥലത്ത് അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടിയാൽ ഐപിസി 188 പ്രകാരം ശിക്ഷാർഹരാണ്.
മാർച്ച് 10ന് ശേഷം വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുളളവർ നിർബന്ധമായും ആരോഗ്യം, പോലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളെ വിവരം അറിയിക്കണം. ഇവർ 14 ദിവസത്തെ നിരീക്ഷണത്തിൽ തുടരുകയും അധികാരികളുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയോ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അറസ്റ്റ് അടക്കമുളള നിയമനടപടികൾ നേരിടേണ്ടി വരും.
ബാങ്ക് അടക്കമുളള ധനകാര്യ സ്ഥാപനങ്ങൾ സർക്കാർ ഉത്തരവ് പ്രകാരം മാത്രമേ പ്രവർത്തിക്കാൻ പാടുളളു. എല്ലാ എ.ടി.എം. കൗണ്ടറുകളിലും ആവശ്യത്തിന് പണം ഉണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കണം. കൗണ്ടറുകളിൽ ജനങ്ങൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല. ജി.ഒ. (എം.എസ്.) 49/2020/ജി.എ.ഡി. ഡേറ്റഡ് 23/03/2020 ൽ ഒഴിവാക്കിയിട്ടുളളവ ഒഴികെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും, വർക്ക്ഷോപ്പുകളും, ഓഫീസുകളും, ഗോഡൗണുകളും നിരോധനാജ്ഞ കാലയളവിൽ പ്രവർത്തിക്കാൻ പാടില്ല. ഉത്തരവിന് മാർച്ച് 31 അർധരാത്രി മുതൽ ഏപ്രിൽ 14ന് അർധരാത്രി വരെ പ്രാബല്യം ഉണ്ടായിരിക്കും.
നിരോധനാജ്ഞ ഉത്തരവ് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും അവരവരുടെ അധികാര പരിധിയിൽ കൃത്യമായും പാലിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തുകയും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി. 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കുകയും ചെയ്യണം.ഇക്കാര്യങ്ങളിൽ ആവശ്യമായ ശ്രദ്ധ ചെലുത്തുന്നതിനും, നിരീക്ഷണം നടത്തുന്നതിനും നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിനും എല്ലാ തഹസിൽദാർമാരും ശ്രദ്ധിക്കണം.
ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും, വകുപ്പ് മേധാവികളെയും പഞ്ചായത്ത് തലം മുതലുളള ഉദ്യോഗസ്ഥൻമാരെയും ഏകോപിപ്പിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്തി പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉറപ്പാക്കണം.
ഉത്തരവ് പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തണം. എല്ലാ ഓഫീസ് മേധാവികളും ഉത്തരവ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുളള നടപടി സ്വീകരിക്കണം.
ജില്ലയിൽ 12 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ കേസുകൾ ഉണ്ടാകാതിരിക്കുന്നതിന് ജില്ലാ ഭരണകൂടം വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനും ജില്ലയിൽ നിരോധനാജ്ഞ നീട്ടേണ്ടത് അനിവാര്യമാണെന്ന് ബോധ്യമായിട്ടുളള സാഹചര്യത്തിലാണ് ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.