Top Stories

പോത്തൻകോട് പഞ്ചായത്തിൽ മൂന്നാഴ്ച സമ്പൂർണ്ണ അടച്ചിടൽ

തിരുവനന്തപുരം : പോത്തൻകോട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും രണ്ട് കിലോമീറ്റർ പരിധിയിലെ മറ്റ് പഞ്ചായത്തുകളിലെയാളുകളും പരിപൂർണ്ണമായും മൂന്നാഴ്ച ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തൻകോടുമായി ബന്ധപ്പെടുന്ന അണ്ടൂർകോണം പഞ്ചായത്തിലെ പ്രദേശങ്ങൾ, കാട്ടായിക്കോണം കോർപ്പറേഷൻ ഡിവിഷന്റെ അരിയോട്ടുകോണം, മേലെമുക്ക് തുടങ്ങി പോത്തൻകോടിന്റെ രണ്ട് കിലോമീറ്റർ പരിധിയിൽ വരുന്ന പ്രദേശങ്ങളെല്ലാമാണ് ക്വാറന്റിനിൽ പോകേണ്ടത്.

കോവിഡ് ബാധിച്ചു മരിച്ച പോത്തൻകോട് സ്വദേശിയുടെ സമ്പർക്ക ലിസ്റ്റ് പൂർണ്ണമായി അറിയാൻ കഴിയാത്തതു കൊണ്ടാണ് പോത്തൻകോട് പഞ്ചായത്തും സമീപ പ്രദേശങ്ങളും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് തീരുമാനമുണ്ടായത്.  പോത്തൻകോട് സ്വദേശി കൊറോണ ബാധിതനായി മരിച്ച സാഹചര്യത്തിൽ വിളിച്ചു ചേർത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കടകംപള്ളി. മരിച്ച അബ്ദുൾ അസീസുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോയിക്കഴിഞ്ഞൂവെന്നും ഇനി ആരെങ്കിലും ഉണ്ടെങ്കിൽ 1077 എന്ന ഹെൽപ് ലൈനിൽ വിളിച്ചറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ എല്ലാവരുടെയും പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കാൻ പറഞ്ഞിട്ടുണ്ടെന്നും സമൂഹ വ്യാപനത്തിന്റെ ആശങ്കയില്ലെന്നും കടകംപള്ളി അറിയിച്ചു.

മരിച്ച അബ്ദുൾ അസീസിന്റെ റൂട്ട് മാപ്പ് പൂർണമാക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ഇദ്ദേഹം നിരവധി ചടങ്ങുകളിൽ പങ്കെടുത്തതും ആശങ്കയുയർത്തുന്നു. വിദേശത്ത് പോകുകയോ വിദേശത്ത് പോയവരുമായി ബന്ധപ്പെടുകയോ ചെയ്യാതിരുന്ന അബ്ദുൾ അസീസിന് രോഗബാധ എങ്ങനെ ഉണ്ടായെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button