Top Stories
മുൻ സന്തോഷ് ട്രോഫി താരം കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചു

മെയ് 21-ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടു കൂടിയാണ് ഹംസക്കോയ ഗുരതരാവസ്ഥയിലായത്. തുടർന്നാണ് മെഡിക്കൽ ബോർഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തിയത്. കോവിഡിൽ നിന്ന് മുക്തരായ തിരൂർ, പയ്യനാട് സ്വദേശികളുടെ പ്ലാസ്മയാണ് ഹംസക്കോയയുടെ ചികിത്സക്കായി നൽകിയത്. പ്ലാസ്മ തെറാപ്പി ചികിത്സ നൽകിയ ശേഷം കേരളത്തിൽ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ.
ഹംസക്കോയയുടെ ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് മരുമകൾക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ കാര്യത്തിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയ്ക്ക് വേണ്ടിയും മോഹൻ ബഗാൻ മുഹമ്മദൻസ് ക്ലബ്ബുകൾക്ക് വേണ്ടിയും ഹംസക്കോയ കളിച്ചിട്ടുണ്ട്.