Top Stories
നിസാമുദ്ദീനിലെ സമ്മേളനത്തിൽ കേരളത്തിൽനിന്ന് 270 പേർ പങ്കെടുത്തു
തിരുവനന്തപുരം : ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും നിരീക്ഷണം ശക്തമാക്കി.
രണ്ടു സമ്മേളനങ്ങളിലായി കേരളത്തിൽനിന്ന് 270 പേർ പങ്കെടുത്തതായാണു വിവരം.
ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത നൂറോളംപേർ കേരളത്തിൽ തിരിച്ചെത്തി. ഇതിൽ എഴുപതോളം പേരുടെ വിവരം പോലീസ് സർക്കാരിനും ആരോഗ്യവകുപ്പിനും കൈമാറി.
തിരുവനന്തപുരത്ത് 5 പേരും, കൊല്ലത്ത് 2, പത്തനംതിട്ട-1, ആലപ്പുഴ-3, കോട്ടയം-6, ഇടുക്കി-4, എറണാകുളം-2,തൃശ്ശൂർ-2, പാലക്കാട്-2, മലപ്പുറം-8, വയനാട്-2, കോഴിക്കോട്-3, കണ്ണൂർ-10, കാസർകോട്-19 പേരുമാണ് ഇതുവരെ തിരിച്ചെത്തിയത്. ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്. രണ്ടാം സമ്മേളനത്തിൽ പങ്കെടുത്ത 170 പേർ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ പേരും ഫോൺനമ്പറും ഉൾപ്പെടെയുള്ളവ പോലീസ് ശേഖരിച്ചു.
ഇതോടൊപ്പം, മലേഷ്യയിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഒരാളും കേരളത്തിലേക്കു മടങ്ങിയെത്തി. ഈ സമ്മേളനത്തിൽ പങ്കെടുത്ത മറ്റുരാജ്യങ്ങളിലുള്ള പലർക്കും കൊറോണ സ്ഥിരീകരിച്ചതിനാൽ ഇയാളും നിരീക്ഷണത്തിലാണ്. ഇവരിലാർക്കും ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വിവിധ സംസ്ഥാനക്കാരും വിദേശികളും വ്യാപകമായി കോവിഡ് നിരീക്ഷണത്തിലായതോടെ തബ്ലീഗ് ജമാഅത്ത് പ്രാർഥനാ സമ്മേളത്തിനു വേദിയൊരുക്കിയ തെക്കൻ ഡൽഹി നിസാമുദ്ദീനിലെ അലാമി മർക്കസ് ബാംഗ്ളെവാലി മസ്ജിദ് ഒഴിപ്പിച്ചു.തബ്ലീഗ് ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമായ നിസാമുദ്ദീൻ മർക്കസിലെ ആറുനില കെട്ടിടത്തിൽ ആയിരത്തിലേറെ പേർ താമസിച്ചിരുന്നു. ഇതിൽ മുന്നൂറോളംപേരെ പള്ളിയിൽത്തന്നെ നിരീക്ഷണത്തിലാക്കി. ബാക്കിയുള്ളവരെ ആശുപത്രിയിലും മറ്റു നിരീക്ഷണ കേന്ദ്രങ്ങളിലുമാക്കി.
മാർച്ച് 13 മുതൽ 15 വരെ നടന്ന പ്രാർഥനാ സമ്മേളനത്തിൽ നാലായിരത്തോളംപേർ പങ്കെടുത്തെന്നാണ് അനൗദ്യോഗിക കണക്ക്. ഇവിടെനിന്നു മടങ്ങിയ വൈറസ് ബാധിതർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയതിനാൽ നിരീക്ഷണത്തിലാക്കേണ്ടവരുടെ ശൃംഖല ഇനിയും വലുതാകാനാണു സാധ്യത.