രാജ്യത്തെ 10 ബാങ്കുകൾ ലയിച്ച് ഇന്ന് 4 ആയി മാറും
ഡൽഹി : ഇന്ത്യൻ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഇന്ന് നടക്കും. രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകൾ ലയിച്ച് ഇന്ന് നാല് ബാങ്കുകളായി മാറും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും, അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും.
ലയനം പൂര്‍ണമാകുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. പുതിയ ലയനത്തോടെ പഞ്ചാബ് നാഷണൽ ബാങ്ക് എസ്ബിഐ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി മാറും. കനറാ ബാങ്ക് രാജ്യത്തെ നാലാമത്തെ പൊതുമേഖലാ ബാങ്കായും മാറും.
മാര്‍ച്ച് നാലിനാണ് കേന്ദ്രസര്‍ക്കാര്‍ 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. എന്നാൽ കൊറോണയും തുടർന്നുള്ള ലോക്ക്ഡൗണും കാരണം ലയനം നീട്ടിവച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ലയനം നീട്ടിവയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും, ലയനം വേഗത്തില്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നുമാണ് ആർബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വന്‍കിട ബാങ്കുകള്‍ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം. ലയനം ഉടൻതന്നെ പൂര്‍ണമായും നടപ്പിലാക്കുമെന്ന് റിസര്‍വ്വ് ബാങ്ക് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.