കർണാടകം സുപ്രീം കോടതിയിൽ;കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യം
ഡൽഹി : കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം സുപ്രീം കോടതിയെ സമീപിച്ചു. കാസറഗോഡ് മംഗളുരു ദേശീയപാത തുറന്ന് കൊടുക്കണമെന്നുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് കർണാടക സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. കാസർകോട് മേഖല കൊവിഡിന്റെ പ്രഭവ കേന്ദ്രമായതിനാൽ ഗതാഗതം പുനസ്ഥാപിക്കാനാവില്ലെന്നാണ് കർണാടകത്തിന്റെ വാദം.
കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും. കേസിൽ ഉത്തരവിറക്കും മുമ്പ് തങ്ങളുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ തടസ്സഹർജി നൽകിയിട്ടുമുണ്ട്.
കാസർകോടുനിന്ന് കർണാടകത്തിലേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി ബുധനാഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു. രോഗികളുമായി പോകുന്ന വാഹങ്ങൾ ലോക്ക്ഡൗണിന്റെ ഭാഗമായി തടയാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അതിർത്തി തുറക്കില്ലെന്ന കർണാടകയുടെ നിലപാടിനെ അതിരൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. മനുഷ്യന്റെ ജീവൻ സംരക്ഷിക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.