Top Stories
മദ്യാസക്‌തർക്ക് മദ്യം ലഭിക്കില്ല; സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: മദ്യാസക്തിയുള്ളവര്‍ക്ക് ബിവറേജസ് കോര്‍പറേഷ്ൻ വഴി മദ്യം ലഭ്യമാക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്യ്തത്. സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയം ഹൈക്കോടതി അനുവദിച്ചു.
എന്ത് ശാസ്ത്രീയ അടിത്തറയാണ് സർക്കാരിന്റെ ഉത്തരവിന് ഉള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തര്‍ക്ക് മദ്യം നൽകുന്നു എന്നതിലപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. അപ്പോഴാണ് മദ്യം പൂര്‍ണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടര്മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ട് എന്ന കാര്യം സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു. മദ്യം കിട്ടാതെ വരുമ്പോൾ രോഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സര്‍ക്കാർ കോടതിയിൽ പറഞ്ഞു.
മാത്രമല്ല കുറിപ്പടി എഴുതാൻ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്നായിരുന്നു ഹൈക്കോടതി സർക്കാരിനോട് ചോദിച്ചത്.