Top Stories
മംഗലാപുരം അതിർത്തിയിലെ ഗതാഗതം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി
കൊച്ചി : കാസർകോടുനിന്ന് കർണാടകത്തിലേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേന്ദ്രസർക്കാരിനാണ് നിർദേശം നൽകിയത്. ദേശീയപാത അടയ്ക്കാൻ കർണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
രോഗികളുമായി പോകുന്ന വാഹങ്ങൾ ലോക്ക്ഡൗണിന്റെ ഭാഗമായി തടയാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അതിർത്തി തുറക്കില്ലെന്ന കർണാടകയുടെ നിലപാടിനെ അതിരൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. മനുഷ്യന്റെ ജീവൻ സംരക്ഷിക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ടെന്നും കോടതി പറഞ്ഞു.
കർണാടകം റോഡുകൾ അടക്കുന്ന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം ഇടപെട്ട് ആ നീക്കം പിൻവലിക്കണമെന്നുമാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്. ഇക്കാരണം കൊണ്ട് ഇനിയൊരു മനുഷ്യജീവൻ പോലും നഷ്ടപ്പെടരുതെന്നും കോടതി പറഞ്ഞു. മംഗലാപുരത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് യാത്രാതടസ്സമുണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കി.