ഹോട്ടലുകളും ഹോംസ്റ്റേകളും ഏറ്റെടുത്ത് ഒരു ലക്ഷം കൊവിഡ് ഐസൊലേഷന്‍ മുറികള്‍ തയ്യാറാക്കും
തിരുവനന്തപുരം : അടിയന്തിര സാഹചര്യം നേരിടാൻ ആശുപത്രികള്‍ക്ക് പുറമെ ഒരു ലക്ഷം കൊവിഡ് ഐസൊലേഷന്‍ മുറികള്‍ തയ്യാറാക്കും. ഹോട്ടലുകളും ഹോം സ്റ്റേകളും ഗസ്റ്റ് ഹൗസുകളും മറ്റും സർക്കാർ ഏറ്റെടുത്ത് അടിയന്തിര സാഹചര്യം നേരിടാനായി കോവിഡ് ഐസൊലേഷൻ റൂമുകൾ സെറ്റ് ചെയ്യും എന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രിയുമായി ഇന്നുനടന്ന വീഡിയോ കോൺഫറൻസിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രവിഹിതമായി കേരളത്തിന് 157 കോടി നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് പ്രത്യേക കൊറോണ ആശുപത്രികൾ തുടങ്ങാൻ വലിയ തുക ആവശ്യമാണ്. ഇതിനായി ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് തുക അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വായ്‌പ്പാ പരിധി ഉയർത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.