കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം;3 പേർ റിമാൻഡിൽ
കൊല്ലം : കൊല്ലം ശാസ്താംകോട്ടയിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ലോക്ക് ഡൗണ്‍ ലംഘിച്ച് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട സ്വദേശികളായ ഫൈസല്‍, ഷറഫുദീന്‍, അഫ്സല് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശാസ്താംകോട്ടയില്‍ ഒരു വീട്ടിൽ ലോക്ക് ഡൌൺ വിലക്ക് ലംഘിച്ച്, പത്തനംതിട്ടയിൽ നിന്നെത്തിയവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പിറന്നാള്‍ ആഘോഷം നടക്കുന്നുവെന്ന് അറിഞ്ഞ് അത് അന്വേഷിക്കാനെത്തിയ ശൂരനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥരെയാണ് വീട്ടുകാർ ആക്രമിച്ചത്. വിവരം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ ഗേറ്റ് പൂട്ടിയശേഷം ഉദ്യോഗസ്ഥരെ മര്‍ദിക്കുകയായിരുന്നു. ശാസ്താംകോട്ടയില്‍ നിന്ന് പൊലീസ് എത്തിയാണ് ആരോഗ്യ പ്രവര്‍ത്തകരെ രക്ഷിച്ചത്. വീട്ടുകാരോട് ആഘോഷം നിര്‍ത്തണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചെങ്കിലും ഇത് അംഗീകരിക്കാതെ ഇവര്‍ ആഘോഷം തുടരുകയായിരുന്നു.
തുടർന്ന് ഇവർ മേലുദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇതിൽ പ്രകോപിതരായ വീട്ടുകാരായ മൂന്നുപേർ ചേർന്ന് ഗേറ്റ് പൂട്ടിയിട്ട് ഉദ്യോഗസ്ഥരെ മർദ്ദിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഉദ്യോഗസ്ഥരെ ആശുപത്രിയിൽ ആക്കുകയും വീട്ടുകാരായ മൂന്നു പേരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.