ക്വാറന്റൈൻ ലംഘനം:മുൻ സബ്കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ
കൊല്ലം : കോവിഡ് നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം അവഗണിച്ച് പുറത്തിറങ്ങിയതിന് മുൻ സബ്കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ. നിരീക്ഷണത്തിൽ കഴിയുന്നതിനിടെ നാട്ടിലേക്ക് ഒളിച്ചു കടന്നതിന് നേരത്തെ സസ്പെൻഷനിലായ കൊല്ലത്തെ മുൻ സബ്കളക്ടർ അനുപം മിശ്രയുടെ ഗൺമാനെയും ഡ്രൈവറേയുമാണ് സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ സസ്പെന്റ് ചെയ്യ്തത്.
കഴിഞ്ഞ പതിനേഴാം തീയതിയാണ് സബ്കളക്ടർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും തിരിച്ച് കൊല്ലത്ത് എത്തിയത്. ഗൺമാൻ സുജിത്തും ഡ്രൈവറും ചേർന്നാണ് കൊല്ലത്ത് നിന്നും സബ്കളക്ടറെ സ്വീകരിക്കാൻ പോയത്. വിദേശത്ത് നിന്ന് എത്തിയ വ്യക്തിയായതുകൊണ്ട് തന്നെ സബ്കളക്ടറോടും അദ്ദേഹത്തെ സ്വീകരിക്കാൻ ചെന്ന ഡ്രൈവറോടും ഗൺമാനോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു.
എന്നാൽ ക്വാറന്റൈനിൽ പോകാൻ തയ്യാറാകാതെ സബ്കളക്ടർ ഇവിടെ നിന്നും മുങ്ങി. ഇതിനു പിന്നാലെയാണ് ഡ്രൈവർക്കും ഗൺമാനും എതിരെ ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പതിനേഴാം തീയതി മുതൽ ക്വാറന്റൈനിൽ പോകാൻ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ഭാഗത്തു നിന്നും ഗൺമാന് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ ഇയാൾ ഇത് അംഗീകരിക്കാതെ പുറത്തിറങ്ങി നടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ക്വാറന്റൈൻ ലംഘിച്ചതിന് ഇയാൾക്കെതിരെ നടപടി എടുത്തിരിക്കുന്നത്.