കർണാടകയ്ക്ക് തിരിച്ചടി;അതിര്‍ത്തി വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേയില്ല
ന്യൂഡല്‍ഹി : കേരള- കര്‍ണാടക അതിര്‍ത്തി തുറക്കുന്ന വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. കാസര്‍കോട്ടുനിന്നുള്ള രോഗികളെ മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ മംഗലാപുരം അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് കര്‍ണാടക സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു.
അതേസമയം. ഹൈക്കോടതിയുടെ ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ സുപ്രീം കോടതി ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടില്ല. കാസര്‍കോട്ടുനിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് അവിടേക്ക് പോകാനുള്ള നടപടിക്രമങ്ങള്‍ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.എന്നാല്‍ ഏതൊക്കെ രോഗികളെ കൊണ്ടുപോകാം എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കാന്‍ ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിമാര്‍ തയ്യാറാക്കുന്ന മാര്‍ഗരേഖ പരിഗണിച്ച ശേഷം വിഷയത്തില്‍ അന്തിമവിധി സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും. ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.