1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരുവനന്തപുരത്തെത്തി;ഫലം രണ്ടര മണിക്കൂറിനകം
തിരുവനന്തപുരം : കൊവിഡ് പരിശോധന വേഗത്തിലാക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരുവനന്തപുരത്ത് എത്തിച്ചു. ശശിതരുർ എം പി ഇടപെട്ടാണ് 1000 കിറ്റുകൾ എത്തിയത്. 2000 കിറ്റുകൾ ഞായറാഴ്ചയും എത്തും. കൂടാതെ 250 ഫ്ലാഷ് തെർമോ മീറ്ററുകൾ, വ്യക്തിഗത സുരക്ഷാ കിറ്റുകൾ എന്നിവ കൂടി എത്തും. ഇക്കാര്യത്തിൽ ശശി തരൂരിനെ അഭിനന്ദിയ്ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടരമണിക്കൂറിനകം കൊവിഡ് പരിശോധനാഫലം കിട്ടുമെന്നതാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഗുണമേന്മ. നിലവിൽ ടെസ്റ്റ് ഫലം കിട്ടാൻ ആറര ഏഴ് മണിക്കൂർ എടുക്കുന്നുണ്ട്. അതേസമയം റാപ്പിഡ് ടെസ്റ്റിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങൾ ഐസിഎംആർ നാളെ പുറത്തിറക്കും.
കൊവിഡ് നിര്‍ണ്ണയത്തിനുള്ള റാപ്പിഡ് ടെസ്റ്റ് തീവ്രബാധിത മേഖലകളില്‍ മാത്രം നടത്തിയാല്‍ മതിയോ എന്നതിലടക്കമുള്ള മാര്‍ഗനിര്‍ദ്ദേശമാകും നാളെ പുറത്തിറക്കുക. അരമണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാകുംവിധം പരിശോധന നടത്തുന്നത് കൊവിഡ് ചികിത്സയില്‍ ഏറെ ഗുണം ചെയ്യുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ക് ഡൗണ്‍ 14നു ശേഷവും തുടരണമെന്നാണ് ഐസിഎംആറിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു.