News
വീട്ടിൽ ചാരായം വാറ്റി വിൽപ്പന:മുൻ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പിടിയിൽ
കൊല്ലം : വീട്ടിൽ ചാരായം വാറ്റി വിൽപ്പന നടത്തിയ യുവാവിനെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിമൺ കിഴക്കേക്കര തട്ടാരഴികത്ത് വീട്ടിൽ ഷൈനു(42)വാണ് പിടിയിലായത്. ഇയാൾ കെ.എസ്.ആർ.ടി.സി.യിലെ മുൻ ഉദ്യോഗസ്ഥനാണ്. 500 ലിറ്റർ കോടയും ഒന്നരലിറ്റർ ചാരായവും ഇയാളിൽനിന്ന് പിടിച്ചെടുത്തു.
സ്വന്തം വീട്ടിൽ പ്രത്യേക സംവിധാനമൊരുക്കിയാണ് ഇയാൾ വാറ്റിയിരുന്നത്. വീടിനകത്തും പരിസരത്തും ശൗചാലയത്തിലുമാണ് വാറ്റുപകരണങ്ങളും കോടയും സൂക്ഷിച്ചിരുന്നത്. മൊബൈൽ ഫോണിൽ വിളിച്ച് കച്ചവടം ഉറപ്പിച്ച് വിതരണം ചെയ്തു വരികയായിരുന്നു. ലിറ്ററിന് 900 രൂപ നിരക്കിലായിരുന്നു കച്ചവടം.
വ്യാജമദ്യം നിർമിക്കുന്നതും ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമായതിനാൽ ഇയാളുടെ ഉപഭോക്താക്കളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഷൈനുവിനെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പള്ളിമണിലും പരിസരത്തും വ്യാജ മദ്യം സുലഭമാണെന്ന് സിറ്റി പോലീസ് കമ്മിഷണർ ടി.നാരായണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി.വിപിൻ കുമാർ, എസ്.ഐ.മാരായ നിയാസ്, സുന്ദരേശൻ, എ.എസ്.ഐ.പ്രദീപ്, സതീഷ് കുമാർ, സി.പി.ഒ.മാരായ ഷെമീർ ഖാൻ, അരുൺകുമാർ, മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.