Top Stories
കൊറോണ:11,092 കോടി രൂപ സംസ്ഥാനങ്ങൾക്ക് അടിയന്തിര സഹായം
ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് 11,092 കോടി രൂപ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2020-21 കാലത്തെ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് ഫണ്ടിന്റെ ആദ്യ ഗഡു എന്ന നിലയിൽ അടിയന്തിര സഹായമായാണ് സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകുന്നത്. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോൺഫറൻസിൽ നൽകിയ ഉറപ്പിന് പിന്നാലെ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് ഫണ്ടിന്റെ (എസ്ഡിആർഎംഎഫ്) കീഴിൽ 11,092 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കൊറോണ പ്രവർത്തനങ്ങൾക്കൊപ്പം രോഗനിർണയത്തിനും ചികിത്സക്കുമായി സംസ്ഥാനങ്ങൾക്ക് ഈ ഫണ്ട് വിനിയോഗിയ്ക്കാം. ക്വാറന്റൈൻ സൗകര്യങ്ങൾ സജ്ജീകരിക്കൽ, സാമ്പിൾ ശേഖരണം, അധിക പരിശോധനാ കേന്ദ്രങ്ങൾ സജ്ജീകരിക്കുക, ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തി സംരക്ഷണ ഉപകരണങ്ങൾ വാങ്ങുക, മുനിസിപ്പാലിറ്റി, പോലീസ്, അഗ്നിശമന സേന, തെർമ്മൽ സ്കാനർ, വെന്റിലേറ്ററുകൾ, എയർ പ്യൂരിഫയർ, സർക്കാർ ആശുപത്രികളിലേയ്ക്കുള്ള ഉപകരണങ്ങൾ എന്നിവയ്ക്കായി തുക ചിലവഴിക്കാം. 
