Top Stories

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3000 കടന്നു

ന്യൂഡൽഹി : രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 3000 കടന്നു 24മണിക്കൂറിനിടെ 529 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ കേസുകൾ 3,076 ആയി.  ഇതിൽ 2,784 പേർ നിലവിൽ ചികിത്സയിലാണ്. 213 പേർ രോഗമുക്തി നേടി. 75 പേർക്ക് ജീവൻ നഷ്ടമായെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 490 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 26 പേർ മരിച്ചു. തമിഴ്നാടാണ് മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിൽ. 485 പേർക്കാണ് തമിഴ്നാട്ടിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 422 പേർക്കും ഒരു കേന്ദ്രത്തിൽനിന്നാണ് രോഗം ബാധിച്ചത്. ഡൽഹിയിൽ 445 പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇതിൽ ഭൂരിപക്ഷം കേസുകളും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരോ അവരുമായി ബന്ധപ്പെട്ടവരോ ആണ്.

കേരളത്തിൽ ശനിയാഴ്ച 11 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കാസർകോട് ജില്ലയിൽ നിന്നുള്ള ആറുപേർക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച അഞ്ചുപേർ ദുബായിൽനിന്നും വന്നവരാണ്. മൂന്നുപേർ നിസാമുദ്ദീനിൽ സമ്മേളനത്തിൽ  പങ്കെടുത്തവരാണ്. പാലക്കാട് രോഗം സ്ഥിരീകരിച്ചയാൾ നാഗ്പുറിൽനിന്നു വന്നയാളാണ്. കാസർകോട് സ്വദേശികളായ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.

ഇന്ത്യയിലെ 720 ജില്ലകളില്‍ 211 ജില്ലകളിലും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ചില വലിയ സംസ്ഥാനങ്ങളുടെ 60% ജില്ലകളിലും കൊറോണ വൈറസ് പടര്‍ന്നിട്ടുണ്ട്. ഏപ്രില്‍ അവസാനത്തോടെ രോഗികളെ ചികിത്സിക്കാന്‍ 5,000 വെന്‍റിലേറ്ററുകളും 16,000 ശ്വസനോപകരണങ്ങളും വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button