ലോകത്ത് കോവിഡ് ബാധിതർ 12 ലക്ഷം കടന്നു; മരണം 64,990
കോവിഡ് 19 രോഗികൾ ലോകത്ത് പന്ത്രണ്ട്ലക്ഷം കടന്നു. നിലവിൽ 12,01,253 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 64,990 പേർക്ക് ജീവൻ നഷ്ടമായി. ലോകത്താകമാനമായി 24 മണിക്കൂറിനിടെ ആറായിരത്തിലധികം മരണമാണ് റിപ്പോർട്ട് ചെയ്തത്. 2,47,644 പേർ ലോകത്ത് രോഗമുക്തി നേടി.
ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളത് അമേരിക്കയിലാണ്. 3,08,546 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. 8,741 പേർക്ക് ജീവൻ നഷ്ടമായി. 1224 മരണമാണ് ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇതിൽ 630 മരണങ്ങളും ന്യൂയോർക്കിലാണ്. 12,596 പേർ രോഗ മുക്തി നേടി. രോഗികളെ കിടത്താൻ സ്ഥലമില്ലാത്തതിനാൽ ന്യൂയോർക്ക് സിറ്റിയിൽ 4000 കിടക്കകളുള്ള താൽക്കാലിക ആശുപത്രി സ്ഥാപിച്ചു.
സ്പെയിനാണ് കൊറോണ ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്ത്. 126,168 പേർക്കാണ് സ്പെയിനിൽ കൊറോണ ബാധിച്ചിട്ടുള്ളത്. 11,947 പേർ മരിച്ചു. സ്പെയിനിൽ ഇന്നലെ മാത്രം 809 മരണം റിപ്പോർട്ട് ചെയ്തു. 34, 219 പേർ സ്പെയിനിൽ രോഗ മുക്തി നേടി. മൂന്നാംസ്ഥാനത്തുള്ള ഇറ്റലിയിൽ 124,632 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 15,362 പേർ മരിച്ചു. 20,996 പേർക്കാണ് ഇറ്റലിയിൽ രോഗമുക്തി നേടിയത്. ജർമനിയിലും ഫ്രാൻസിലും രോഗികൾ ഒരു ലക്ഷത്തിനടുത്തേക്കെത്തിയിട്ടുണ്ട്.
ഫ്രാൻസിൽ മരണസംഖ്യ 7560 ഉം യുകെയിൽ 4313 ഉം ആയിട്ടുണ്ട്. ജർമനിയിൽ മരണം 1444 ആണ്. ജോർജിയയിലും കുവൈത്തിലും ശനിയാഴ്ച കോവിഡ് 19 മൂലമുള്ള ആദ്യ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഗൾഫ് രാജ്യങ്ങളിലെല്ലായിടത്തുമായി മരണം 50 കടന്നു.ഇറാനിൽ മരണം 3452 ആയി.