Top Stories
മുംബൈയിൽ 40 മലയാളി നഴ്സുമാർക്ക് കോവിഡ്
മുംബൈ : മുംബൈ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൂട്ടത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ ആശുപത്രിയിലുള്ള മലയാളികൾ അടക്കമുള്ള സ്റ്റാഫുകൾക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കൊറോണ സ്ഥിതീകരിച്ചതിൽ കൂടുതലും മലയാളി നഴ്സുമാർക്കാണ്. ഇതിൽ ഗുരുതരാവസ്ഥയിലായ ഒരു മലയാളി നഴ്‌സിനെ മുംബൈ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഇപ്പോൾ തൃപ്തികരമാണ്.
ആകെ 51 പേർക്കാണ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 40 പേരും മലയാളി നഴ്സുമാരാണ്. ഇവരെ ഐസോലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്സുമാരെ നിരീക്ഷണത്തിൽ പാർപ്പിച്ചു. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്സുകൾക്ക് രോഗം സ്ഥിരീകരിച്ചത്.
മുൻപ് മൂന്ന് പേർ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ വച്ച് മരിച്ചു. ഇവരിൽ നിന്നാകാം ആരോഗ്യ പ്രവർത്തകരിലേക്ക് രോഗം പകർന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ആശുപത്രിയിലെ സർജൻ ആയ ഒരു ഡോക്ടർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയിൽ താമസിക്കുന്ന വ്യക്തിയാണ്.
ആശുപത്രിയിലാകെ മുന്നൂറോളം നഴ്സുമാരാണ്, ഇതിൽ 200 ലധികവും മലയാളി നഴ്സുമാരാണ്. കൊറോണ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തവർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെയുള്ള 200 പേരുടെ സാമ്പിളുകൾ സ്രവപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരുടെ ഫലം കാത്തിരിക്കുകയാണ്.
രോഗം സ്ഥിതീകരിച്ചവരെ ഇതേ ആശുപത്രിയിൽത്തന്നെ ക്വാറന്‍റൈൻ ചെയ്തിരിക്കുകയാണ്. ഈ ആശുപത്രിയെ അടച്ചുപൂട്ടിയ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആശുപത്രിയ്ക്ക് അകത്തേക്കോ പുറത്തേക്കോ ആരെയും കടത്തി വിടില്ല. ഇവിടെയുള്ളവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും, വസ്തുക്കളും ഇവിടേക്ക് തന്നെ എത്തിക്കാനാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്..