ലോക്ക് ഡൗണിനു ശേഷവും കേരളത്തിലെ 7 ജില്ലകളിൽ ഒരു മാസം നിയന്ത്രണം തുടർന്നേക്കും
തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനു ശേഷവും കേരളത്തിലെ 7 ജില്ലകളിൽ ഒരു മാസം കടുത്ത നിയന്ത്രണം തുടർന്നേക്കുമെന്ന് റിപ്പോർട്ട്. കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലാണ് കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരം കടുത്ത നിയന്ത്രണങ്ങൾ തുടരുക.
കാസർകോട്,കണ്ണൂർ,കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന. ഈ ജില്ലകൾ പൂർണമായി അടയ്ക്കും, ജില്ലയിൽ പൊതു ഗതാഗതം അനുവദിയ്ക്കില്ല, സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനോ ജനങ്ങൾ ഒത്തു കൂടാനോ അനുവദിക്കില്ല. ലോക്ക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ തന്നെ ഈ ജില്ലകളിൽ തുടരും എന്നാണ് സൂചന. അവസാനത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 4 ആഴ്ചയ്ക്ക് ശേഷം മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കൂ.
രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകൾ അടച്ചിടാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഈ ജില്ലകളെയാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്. ലോക്ക് ഡൗൺ ആരംഭിച്ചതിനുശേഷവും ഇവിടെ നിന്നുള്ള പോസിറ്റീവ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർക്കശമാക്കുന്നത്. രാജ്യത്ത് മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.