Top Stories
കോറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : കോറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിൽ തളരാനോ വീഴാനോ പാടില്ല. വിജയം വരെ പോരാട്ടം തുടരണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ബിജെപി സ്ഥാപക ദിനത്തിന്റെ ഭാഗമായി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധ ഇതുവരെ വിജയകരമായി പ്രതിരോധിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയായി. ബിജെപി പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി രാജ്യത്തിനായി പ്രവർത്തിക്കണം. ലോകം മുഴുവൻ കഠിനമായ സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് ബിജെപി സ്ഥാപക ദിനം കടന്നുവന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മനുഷ്യ സമൂഹം പ്രതിസന്ധിയേ നേരിടുകയാണ്. ലോകം കൊറോണ മഹാമാരിയെ നേരിടുന്നതിന് ഇന്ത്യയുടെ പരിശ്രമങ്ങൾ മാതൃകയാക്കി. രോഗത്തിന്റെ ഗൗരവം മനസിലാക്കിയ ഇന്ത്യ, അതിനെതിരെ സമയബന്ധിതമായ നടപടികൾ സ്വീകരിച്ചു. സമഗ്രമായ സമീപനത്തിലൂടെ ഇന്ത്യ അതിവഗേം പ്രവർത്തിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന ഈ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളും ഈ പോരാട്ടത്തിന് ഒന്നിച്ചുണ്ട്. അതിനാൽ സാർക്ക്, ജി20 എന്നീ യോഗങ്ങളിൽ ഇന്ത്യയ്ക്ക് സജീവ പങ്കാളിത്തം വഹിക്കാനായി.
ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിലെ ജനങ്ങൾ കാണിക്കുന്ന പക്വത അത്ഭുതാവഹമാണ്. ഇന്ത്യക്കാർ ഇങ്ങനെ അച്ചടക്കത്തോടെ പെരുമാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കൊറോണ മഹാമാരിക്കെതിരായ ദീർഘകാലയുദ്ധമാണിത്. നമ്മൾ ആരും തന്നെ ഇതിൽ വിശ്രമിക്കാൻ പാടില്ല. നമുക്ക് വിജയം കൈവരിക്കേണ്ടതുണ്ട്. ഇന്ന് രാജ്യത്ത് ഒരേയൊരു ലക്ഷ്യവും നിശ്ചയദാർഢ്യവുമേയുള്ളു- അത് ഈ യുദ്ധത്തിൽ വിജയിക്കുക എന്നതാണ്.
ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് രാജ്യ സേവനത്തിനുള്ള നമ്മുടെ സമർപ്പണമാണ് നമ്മുടെ പാത തെളിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിക്ക് 130 കോടിവരുന്ന ഇന്ത്യക്കാരുടെ ഐക്യവും ശക്തിയും നമ്മൾ കണ്ടു. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും എല്ലാ വിഭാഗങ്ങശളിൽ പെട്ടവരും വിവിധ പ്രായത്തിലുള്ളവരും ഒന്നിച്ചു. ഐക്യ ദീപം തെളിയിക്കൽ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം ലോകത്തിന് നൽകി.
എവിടെ പോയാലും മാസ്ക് ധരിച്ചിരിക്കണമെന്നത് എല്ലായ്പ്പോഴും ഓർമിക്കണം. വീട്ടിലിരിക്കുമ്പോൾ പോലും മുഖം മറയ്ക്കണം. സാമൂഹ്യ അകലം പാലിക്കുക, അച്ചടക്കം പാലിക്കുക തുടങ്ങിയവയാണ് ലോകത്തിന്റെ ഇപ്പോഴത്തെ മന്ത്രം. സർക്കാർ ആരോഗ്യ സേതു എന്ന ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. എല്ലാവരും ഇക്കാര്യം മറ്റുള്ളവരെ അറിയിക്കണം. ആപ്പിലൂടെ കോറോണയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
പാർട്ടിക്കും ഉപരിയാണ് രാജ്യം. മാനവരാശിയെ രക്ഷിക്കാനുള്ള രക്ഷിക്കാനുള്ള യുദ്ധമാണിത്. പി.എം. കെയേഴ്സ് ഫണ്ടിലേക്ക് എല്ലാ ബിജെപി പ്രവർത്തകരും സംഭാവന ചെയ്യണം. പാവങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കണം. മാസ്കുകൾ സമ്മാനമായി നൽകണം. ആരോഗ്യ പ്രവർത്തകരോട് നന്ദി പറയണം. മുൻനിര പോരാളികൾക്ക് ധൈര്യം പകരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.