News
വിദ്യാർഥികളെ കയറ്റാതിരിക്കാനുള്ള ശ്രമത്തിൽ അച്ഛനെയും മകളെയും പുറത്തേക്ക് തള്ളിയിട്ട് സ്വകാര്യ ബസ്; കാലിലൂടെ ബസ് കയറി കാൽമുട്ട് തകർന്ന് അച്ഛൻ ജോസഫ്
കൽപറ്റ: സ്കൂൾ വിദ്യാർഥികളെ കയറ്റാതിരിക്കാനുള്ള ശ്രമത്തിൽ അച്ഛനെയും മകളെയും ബസ്സിൽ നിന്ന് തള്ളിയിട്ട് സ്വകാര്യ ബസ് ജീവനക്കാർ. ശേഷം നിർത്താതെ പോയ ബസിന്റെ പിൻചക്രം അച്ഛന്റെ കാലിലൂടെ കയറിയിറങ്ങി തുടയെല്ല് പൊട്ടി പുറത്തുവന്നു. കാലിന്റെ മുട്ട് തകർന്നു പോവുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ സുൽത്താൻ ബത്തേരിയിൽ നിന്ന് കൽപറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. മീനങ്ങാടി ടൗണിനടുത്തുള്ള അമ്പത്തിനാല് സ്റ്റോപ്പിൽ വിദ്യാർഥികൾ കയറാനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ജോസഫും മകളും ഇതേ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്. സ്റ്റോപ്പിൽ നിന്ന് അവിടെ കാത്തു നിൽക്കുന്ന വിദ്യാർഥികൾ ബസ്സിൽ കയറാതിരിക്കാൻ ജോസഫും മകളും ഇറങ്ങുന്നതിനു മുമ്പ് ബസ് എടുക്കുകയായിരുന്നു. ബസ് പെട്ടെന്നെടുത്തതിനാൽ ജോസഫിന്റെ മകൾ നീതു വീണു. ഇത് ചോദ്യം ചെയ്യാൻ ബസ്സിലേക്ക് കയറിയ ജോസഫിനെ ബസ് കണ്ടക്ടർ തള്ളിയിടുകയായിരുന്നു.
ഉന്തിയിട്ട് വീണപ്പോൾ ജോസഫിന്റെ കാലിലൂടെ ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി. തുടയെല്ല് പൊട്ടി പുറത്ത് വന്നെന്നും മകൾ നീതു പറയുന്നു. സംഭവം നടന്ന ഉടൻ തന്നെ ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച കണ്ടക്ടറെ സംഭവത്തിന് സാക്ഷിയായ ജനക്കൂട്ടം കൈകാര്യം ചെയ്തു എന്നും പോലീസ് പറയുന്നു. ബസ്സ് മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു, മേൽ നടപടികൾ സ്വീകരിച്ചു തുടങ്ങി.


