Top Stories
മംഗലാപുരത്തെ ആശുപത്രികളിലേയ്ക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾ കടത്തിവിടാൻ അനുവാദയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : മംഗലാപുരത്തെ ആശുപത്രികളിലേയ്ക്ക് കോവിഡ് ബാധയില്ലാത്ത രോഗികളുമായി പോകുന്ന ആംബുലൻസുകൾ കടത്തിവിടാൻ അനുവാദമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലപ്പാടി ചെക്ക് പോസ്റ്റിൽ കർണാടകത്തിന്റെ മെഡിക്കൽ സംഘമുണ്ടാകും. മെഡിക്കൽ സർട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ് പോകുന്നതെന്ന് നിശ്ചയിച്ച് അനുവാദം വാങ്ങാമെന്ന് കർണ്ണാടക അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കർണ്ണാടക, തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ആളുകൾക്ക് വയനാട് ജില്ലയിലെ ആശുപത്രികളിലും ചികിത്സക്ക് എത്താനുള്ള സൗകര്യം കേരളം ചെയ്തുകൊടുക്കുന്നുണ്ട്. ഇതാണ് കേരളത്തിന്റെ നിലപാട്. കർണ്ണാടകയിലെ ബൈലക്കുപ്പ, മച്ചൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തമിഴ്നാട്ടിലെ പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിൽ നിന്നുമുള്ളവരാണ് വയനാട് ജില്ലയിലെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്. കർണ്ണാടകയിൽ നിന്നും 29 പേരും തമിഴ്നാട്ടിൽ നിന്ന് 44 പേരും കഴിഞ്ഞ ദിവസം എത്തിയിരുന്നു.