Top Stories
സംസ്ഥാനത്ത് ഇന്ന് 13 പേർക്കു കൂടി കൊറോണ;3 പേർ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (തിങ്കളാഴ്ച) 13 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർകോട്ട് 9 പേർക്കും മലപ്പുറത്ത് 2 പേർക്കും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കാസർകോട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറുപേർ വിദേശത്തുനിന്നു വന്നവരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്തുനിന്നാണ് കൊറോണ ബാധയുണ്ടായത്.
ഇതുവരെ 327 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 266 പേർ ചികിത്സയിലാണ്. തിങ്കളാഴ്ച മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 122 പേരെയാണ്. 1,52,804 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,52,009 പേർ വീടുകളിലും 795 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെ 10716 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 9607 എണ്ണം നെഗറ്റീവ് ആയി.