Top Stories
12 മണിക്കൂറിനിടെ രാജ്യത്ത് 26 കോവിഡ് മരണം;ആകെ മരണം 109 ആയി
ന്യൂഡൽഹി : 12 മണിക്കൂറിനിടെ രാജ്യത്ത് 26 പേർ കൊറോണ ബാധിച്ചു മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 109 ആയി. 12 മണിക്കൂറിനുള്ളിൽ 490 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗികളുടെ എണ്ണം 4067 ആയി. 291 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കുടുതൽ രോഗികളുള്ളത്. 690 പേരാണ് മഹരാഷ്ട്രയിൽ നിലവിൽ ചികിത്സയിലുള്ളത്. 42 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 45 മരണവും മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്തു. മുംബൈ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ 26 നഴ്സുമാർക്കും മൂന്ന് ഡോക്ടർമാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ആശുപത്രി പൂർണ്ണമായും ലോക്ക് ചെയ്തു. ആശുപത്രിക്ക് അകത്തേക്കോ അകത്ത് നിന്ന് പുറത്തേക്കോ ആരെയും കടത്തിവിടില്ല.
രോഗികളുടെ എണ്ണത്തിൽ രണ്ടാമത് തമിഴനാടും മൂന്നാമത് ഡൽഹിയുമാണ്. തമിഴ്നാട്ടിൽ 571, ഡൽഹിയിൽ 503 രോഗികൾ ചികിത്സയിലുണ്ട്. ഡൽഹിയിൽ ഏഴ് മരണവും തമിഴ്നാട്ടിൽ അഞ്ചു മരണവും റിപ്പോർട്ട് ചെയ്തു.
ഗുജറാത്തിൽ 11 മരണവും മധ്യപ്രദേശിൽ ഒമ്പത് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ 314 പേരാണ് ചികിത്സയിലുള്ളത്. 55 പേർ രോഗത്തിൽനിന്ന് മോചിതരായിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് കേരളത്തിലാണ്. കോവിഡ് ബാധയിൽ നിന്നും മുക്തരായ ഏറ്റവും പ്രായം കൂടിയ ദമ്പദികളും കേരളത്തിലാണ്.