Top Stories
14 വയസ്സുള്ള പെൺകുട്ടിയുടെ ഗർഭച്ഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി
കൊച്ചി : 14 വയസ്സുള്ള പെൺകുട്ടിക്ക് ഗർഭച്ഛിദ്രം നടത്താൻ ഹൈക്കോടതിയുടെ അനുമതി. പെൺകുട്ടിയുടെ ഗർഭം 24 ആഴ്ച പിന്നിട്ടിരുന്നു. 14 വയസ്സ് മാത്രമുള്ള പെൺകുട്ടിയുടെ ജീവനു പോലും ഗർഭം തുടരുന്നത് ഭീഷണിയാണെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രം നടത്താൻ കോടതി അനുമതി നൽകിയത്. ഗർഭാവസ്ഥയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ പെൺകുട്ടിക്കുള്ള വ്യക്തിപരമായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
പെൺകുട്ടിയുടെ അച്ഛനാണ് ഗർഭച്ഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. 1971-ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗനൻസി ആക്ട് പ്രകാരം 20 ആഴ്ച പിന്നിട്ടാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകാറില്ല. എന്നാൽ ഇവിടത്തെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി അനുമതി നൽകിയത്.
ഗർഭസ്ഥശിശു ജീവനോടെയാണ് ജനിക്കുന്നതെങ്കിൽ അതിന്റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോക്സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കേസിന്റെ ആവശ്യത്തിനായി ഗർഭസ്ഥ ശിശുവിന്റെ ഡി.എൻ.എ. പരിശോധനയ്ക്കായി എടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വിവാഹിതനയ യുവാവ് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. രക്ഷിതാക്കൾ ഏറെ അന്വേഷിച്ചെങ്കിലും അഞ്ചുമാസം പിന്നിട്ട ശേഷമാണ് പെൺകുട്ടിയെ കണ്ടെത്താനായത്. അപ്പോൾ പെൺകുട്ടി ഗർഭിണിയായിരുന്നു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗർഭച്ഛിദ്രത്തിന് അനുമതി തേടി പിതാവ് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. നിയമപരമായി ഗർഭച്ഛിദ്രത്തിന് അനുമതി നൽകാൻ കഴിയുന്ന 20 ആഴ്ച പിന്നിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വീഡിയോ കോൺഫറൻസിലൂടെ ഹർജി പരിഗണിക്കുകയായിരുന്നു.