Top Stories
എംപി ഫണ്ട് നിർത്തലാക്കിയ നടപടി ഫെഡറൽ സംവിധാനത്തിനെതിരാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : എം പി ഫണ്ട് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറൽ സംവിധാനത്തിനെതിരാണ് കേന്ദ്രസർക്കാരിന്റെ എംപി ഫണ്ട് നിർത്തലാക്കിയ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് പ്രാദേശിക വികസനത്തെ ബാധിക്കും. എംപി ഫണ്ട് ജനങ്ങക്ക് അവകാശപ്പെട്ടതാണ് ഇത് കേന്ദ്ര സർക്കാരിന്റെ വിഭവസമാഹരണത്തിന് ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രാദേശിക ഫണ്ട് വിനിയോഗിച്ചുകൊണ്ട് പല എം.പിമാരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം ഉണ്ടായതോടെ ഇതെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏറെകാര്യങ്ങൾ ചെയ്യാനുള്ളത്. ഇതിനെല്ലാം പണം അത്യാവശ്യമായി വരുന്ന സാഹചര്യവുമാണിത്. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടായിരുന്നു ഇതിന് ഏറ്റവും ഫലപ്രദമായ വഴി. ഫണ്ട് നിർത്തലാക്കുമ്പോൾ ഇതിൽ വലിയ തിരിച്ചടിയുണ്ടാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശിക വികസന ഫണ്ട് നിർത്തലാക്കുന്ന തീരുമാനം പുനപരിശോധിച്ച് കോവിഡിന്റെ പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കുമായി പൂർണമായും വിനിയോഗിക്കാൻ കേന്ദ്രസർക്കാർ നിർദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.